ഫാന്‍സി ഡ്രസും മിമിക്രിയുമൊന്നും ആള്‍ക്കാര്‍ സഹിക്കില്ല, പടം എപ്പോള്‍ താഴെപ്പോയെന്ന് ചോദിച്ചാല്‍ മതി: ധ്യാന്‍ ശ്രീനിവാസന്‍
Movie Day
ഫാന്‍സി ഡ്രസും മിമിക്രിയുമൊന്നും ആള്‍ക്കാര്‍ സഹിക്കില്ല, പടം എപ്പോള്‍ താഴെപ്പോയെന്ന് ചോദിച്ചാല്‍ മതി: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th June 2024, 1:04 pm

പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായെത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം. ഒ.ടി.ടി റിലീസിന് ശേഷം സിനിമ വലിയ വിമര്‍ശനങ്ങളും നേരിടുന്നുണ്ട്.

എന്നാല്‍ ചിത്രത്തില്‍ ധ്യാന്‍ അവതരിപ്പിച്ച വേണുവെന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ വലിയൊരളവ് വരെ സ്വീകരിച്ചിരുന്നു. ധ്യാനിന്റെ പ്രായമായ ഗെറ്റപ്പും അഭിനയവുമെല്ലാം മികച്ചുനിന്നെന്ന് തന്നെയാണ് പലരും അഭിപ്രായപ്പെട്ടത്.

അതേസമയം പ്രണവ് മോഹന്‍ലാലിന്റെ പ്രായമായ ഗെറ്റപ്പ് അതേ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നില്ല. പ്രണവിന്റെ വിഗ്ഗും മേക്കപ്പും എന്തിന് അഭിനയം പോലും പാളിയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രായമായ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ചാലഞ്ചിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

വര്‍ഷങ്ങള്‍ക്കുശേഷത്തില്‍ 36 വയസുകാരനായ താന്‍ 70കാരനായി എത്തിയപ്പോഴുണ്ടായ വെല്ലുവിളികളെ കുറിച്ചാണ് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ സംസാരിക്കുന്നത്. ഒപ്പം സിനിമയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ കുറിച്ചും താരം സംസാരിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമ നിവിന്റേയും ധ്യാനിന്റേയും ഇന്‍ഡസ്ട്രിയിലെ സ്റ്റാറ്റസ് ഉയര്‍ത്തിയിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ എന്ന ബുദ്ധിമാന്‍ നിങ്ങള്‍ക്ക് വേണ്ടി ചെയ്തതാണോ അത് എന്ന ചോദ്യത്തിന് ഏട്ടന് അത്ര ബുദ്ധിയില്ലെന്നും തങ്ങള്‍ക്ക് കിട്ടിയ റോള്‍ വെച്ച് പടത്തെ തങ്ങളാണ് ലിഫ്റ്റ് ചെയ്തത് എന്നുമായിരുന്നു ധ്യാനിന്റെ മറുപടി.

‘ഇത്തരം കഥാപാത്രങ്ങള്‍ വല്ലപ്പോഴും മാത്രം വീണുകിട്ടുന്നതാണ്. എഴുതിയയാളും സംവിധായകരും നമ്മളെ വിശ്വസിച്ച് തരുമ്പോള്‍ നമ്മള്‍ അതിനോട് ജസ്റ്റിസ് കാണിക്കുക എന്നല്ലാതെ മറ്റ് ഓപ്ഷന്‍ ഇല്ല. എനിക്ക് 36 വയസായി. ഞാനൊരു 70 വയസുകാരന്റെ കഥാപാത്രം പ്ലേ ചെയ്യുമ്പോള്‍ ഒന്നുകില്‍ ഞാന്‍ അത്രയും എക്‌സ്പീരിയന്‍സ്ഡ് ആയിരിക്കണം. അല്ലെങ്കില്‍ ഇതിന് മുന്‍പ് ചെയ്ത് പ്രൂവണ്‍ ആയിരിക്കണം.

വയസായ ആളുടെ ഗെറ്റപ്പില്‍ നരയൊക്കെ ഇട്ട് വന്ന് സൗണ്ടൊക്കെ മാറി ബോഡി ലാംഗ്വേജില്‍ വ്യത്യാസം വരുത്തി അഭിനയിക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് ഒരു പോയിന്റില്‍ ഇതൊരു ഫാന്‍സി ഡ്രസോ മിമിക്രിയോ ആയി തോന്നിയാല്‍ പടം വീണുപോകും.

പ്രത്യേകിച്ച് എന്നെ ഡിജിറ്റലിലും യൂ ട്യൂബിലും ആള്‍ക്കാര്‍ നിത്യേനയെന്നോണം കാണുന്നതാണ്. അതുകൊണ്ട് തന്നെ ഓണ്‍ സ്‌ക്രീനില്‍ അവര്‍ക്കെന്നെ ക്യാരക്ടറായി ഫീല്‍ ചെയ്യണമെന്നില്ല. അക്കാര്യത്തില്‍ എനിക്ക് വലിയ ടെന്‍ഷനുണ്ടായിരുന്നു. ഇവിടുത്തെ മെയിന്‍ സ്ട്രീം നടന്മാര്‍ പോലും ഓള്‍ഡ് ഏജ് ഗെറ്റപ്പില്‍ വരുമ്പോള്‍ സ്വീകരിക്കുന്നില്ല. എന്നെ ആളുകള്‍ സ്വീകരിക്കില്ലെന്നും തെറിവിളി വരുമെന്നും ഞാന്‍ വിചാരിച്ചിരുന്നു.

പക്ഷേ ട്രെയിലര്‍ വന്നപ്പോഴേക്കും ഈ സാധനങ്ങളൊക്കെ മാറി. നല്ല അഭിപ്രായങ്ങള്‍ വരാന്‍ തുടങ്ങി. പൊതുവെ ഉള്ള തെറിയില്ല. പടം വന്നപ്പോഴും കണ്‍വിന്‍സിങ് ആയി തോന്നി. നമ്മുടെ ഏറ്റവും അടുത്ത ആള്‍ക്കാര്‍ക്ക് പോലും നമ്മളെ ക്യാരക്ടറായി ഫീല്‍ ചെയ്തു എന്ന് പറയുന്നത് വലിയ കോംപ്ലിമെന്റാണ്. അത് എനിക്ക് നടനെന്ന നിലയില്‍ കോണ്‍ഫിഡന്‍സ് തന്നു.

പിന്നെ ഒ.ടി.ടി റിലീസിന് ശേഷവും എനിക്ക് ട്രോള്‍ കുറവാണ്. അതുകൊണ്ട് ഞാന്‍ ഹാപ്പിയാണ്. സാധാരണ എന്റെ പടങ്ങള്‍ക്ക് കിട്ടുന്ന ഒരു സ്വീകാര്യതയുണ്ട് (ചിരി). ട്രോളുകളൊക്കെ നിങ്ങള്‍ കാണുന്നുണ്ടാവുമല്ലോ. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. പകരം, നിന്റെ ചേട്ടനോട് പോയി പറഞ്ഞേക്ക് എന്ന് പറഞ്ഞ് ചിലര്‍ ഇന്‍ബോക്‌സില്‍ വരുന്നുണ്ട്.

ഇപ്പോഴും ചേട്ടനോട് മലയാളികള്‍ക്ക് ഉള്ള ഒരു ഇഷ്ടംകൊണ്ടാണോ എന്താണെന്നറിയില്ല ഏട്ടനെ നേരിട്ട് തെറിവിളിക്കാനുള്ള ഒരു വിഷമം അവര്‍ക്കുണ്ട്. അതുകൊണ്ട് ചേട്ടനോട് പോയി പറഞ്ഞേക്ക് എന്ന് പറഞ്ഞ് എനിക്കാണ് കിട്ടുന്നത്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan about Old age getup on varshangushesham and the criticism