Entertainment
ലാലേട്ടൻ അങ്ങനെ ചെയ്യാറില്ലായെന്ന് ലൂസിഫർ സിനിമയുടെ സമയത്ത് രാജുവേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 23, 04:34 am
Sunday, 23rd February 2025, 10:04 am

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍, ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

തങ്ങളുടെ സിനിമകളിൽ പൂർണമായ ഇടപെടലുകൾ നടത്തുന്ന അഭിനേതാക്കൾ ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. ചില ആളുകൾ ചെറിയ ഇടപെടലുകൾ നടത്തുമായിരിക്കും എന്നും ധ്യാൻ പറഞ്ഞു. സംവിധായകരെ മാത്രം അന്ധമായി വിശ്വസിച്ച് നേരെ ചെന്ന് സിനിമകൾ ചെയ്യുന്ന സൂപ്പർസ്റ്റാറുകൾ ഉണ്ടെന്നും മോഹൻലാലൊക്കെ അതിന് ഏറ്റവും നല്ല ഉദാഹരണമാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

‘സിനിമയിൽ പൂർണമായി ഇടപെടലുകൾ നടത്തുന്ന നടന്മാരുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ ചില ആളുകൾ ചെറിയ ഇടപെടലുകൾ നടത്തുമായിരിക്കും. അങ്ങനെയൊന്നും ചിന്തിക്കാതെ സംവിധായകന്റെ വാക്കുകൾ മാത്രം കേട്ട് ബ്ലൈൻഡ് ആയി സംവിധായകരെ വിശ്വസിക്കുന്ന സൂപ്പർ സ്റ്റാറുകൾ എത്രയോ പേരുണ്ട്. ലാൽ സാറൊക്കെ അതിന്റെ എപിക് എക്സാമ്പിളാണ്. അദ്ദേഹമൊന്നും ഒരിക്കലും സംവിധായകരുടെ വാക്കിനപ്പുറത്തേക്ക് സിനിമയിൽ ഇടപെടലുകൾ നടത്തില്ല.

ലൂസിഫർ സിനിമയുടെ സമയത്ത് രാജുവേട്ടൻ തന്നെ പല അഭിമുഖങ്ങളിലും വേദികളിലുമെല്ലാം അത് പറഞ്ഞിട്ടുണ്ട്. ലാലേട്ടൻ ഒരു വിധത്തിലുള്ള ഇടപെടലുകളും സിനിമയിൽ നടത്തിയിട്ടില്ലായെന്ന്. കാരണം അവർ സംവിധായകരെ പൂർണമായി വിശ്വസിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ആ സിനിമയിൽ അഭിനയിക്കുകയാണ്,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

അതേസമയം സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍. പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍.

മൂന്ന് ഭാഗങ്ങളിലായി പുറത്തിറങ്ങുമെന്ന് അറിയിച്ച ചിത്രത്തിന്റെ ആദ്യഭാഗം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. മാർച്ച് 27 ന് പ്രേക്ഷർക്ക് മുന്നിലെത്തുന്ന സിനിമയിൽ വിദേശീയരടക്കമുള്ള വമ്പൻ താരനിര ഒന്നിക്കുന്നുണ്ട്.

 

Content Highlight: Dhyan Sreenivasan About Mohanlal’s Character