അച്ഛന്റെ കസേരയില്‍ ഞാന്‍ ഇരിക്കാറില്ല, ഭാര്യയോടും അങ്ങനെ പറയും: ധ്യാന്‍ ശ്രീനിവാസന്‍
Entertainment news
അച്ഛന്റെ കസേരയില്‍ ഞാന്‍ ഇരിക്കാറില്ല, ഭാര്യയോടും അങ്ങനെ പറയും: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st September 2023, 1:39 pm

വീട്ടില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് ധ്യാന്‍ ശ്രീനിവാസന്‍. മാതാപിതാക്കളുടെ വാര്‍ധക്യത്തില്‍ അവരോടൊപ്പം താമസിക്കാനും സമയം ചെലവഴിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും അത് അവര്‍ക്കും സന്തോഷമാണെന്നും ധ്യാന്‍ പറഞ്ഞു. അച്ഛനോട് ബഹുമാനക്കൂടുതല്‍ കൊണ്ടുള്ള ഒരു അകല്‍ച്ചയുണ്ടെന്നും അദ്ദേഹത്തിന്റെ കസേരയില്‍ പോലും ഇരിക്കാറില്ലെന്നും 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

‘ഇന്നുവരെ വീട്ടില്‍ സിനിമയെ പറ്റി ചര്‍ച്ചയോ സംസാരമോ ഉണ്ടായിട്ടില്ല. വീട്ടിലിരിക്കുമ്പോള്‍ കൃഷിയും ഭക്ഷണവുമൊക്കെയാണ് നോക്കുന്നത്. ഞായറാഴ്ച അച്ഛന് ഭക്ഷണം ഉണ്ടാക്കി കൊടുക്കും. ഇതൊക്കെയാണ് നമ്മുടെ വിഷയം. നാട്ടിന്‍പുറത്താണ് ഞങ്ങള്‍ ജീവിക്കുന്നത്. വൈകുന്നേരമാവുമ്പോള്‍ ഞാന്‍ സിറ്റിയിലേക്ക് പോവും.

തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റേത് പോലെയാണ് എന്റെ ജീവിതമെന്ന് ഇടക്ക് തോന്നും. രാവിലെ മുണ്ടും മടക്കി പാടത്തും വരമ്പത്തും ഒക്കെ നടന്നിട്ട് വൈകുന്നേരമാവുമ്പോള്‍ ഒരു പാന്റുമിട്ടിട്ട് ഞാന്‍ ടൗണിലേക്ക് ഇറങ്ങും. ടൗണിലേക്ക് ഒരു അരമുക്കാല്‍ മണിക്കൂറുണ്ട്. പക്ഷേ എന്ത് പരിപാടി ഉണ്ടെങ്കിലും രാത്രിയാവുമ്പോള്‍ വീട്ടില്‍ വരും.

അച്ഛന്റേയും അമ്മയുടെയും വാര്‍ധക്യത്തില്‍ കൂടെ നില്‍ക്കണമെന്നും സമയം ചെലവഴിക്കണമെന്നും ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എന്ന് പറഞ്ഞ് അച്ഛന്റെ അടുത്ത് പോയ് കോമഡി പറഞ്ഞ് ചിരിപ്പിക്കുകയല്ല. ഒരു ബഹുമാനക്കൂടുതല്‍ കൊണ്ടുള്ള അകല്‍ച്ച ഉണ്ട്.

പുള്ളീടെ മുന്നില്‍ ഞാന്‍ ഇരിക്കാറില്ല. പുള്ളി ഇരിക്കുന്ന കസേരയില്‍ ഞാന്‍ ഇരിക്കാറില്ല. മകള്‍ മാത്രമേ ആ കസേരയില്‍ ഇരിക്കാറുള്ളൂ. അച്ഛന്‍ ഇരിക്കുന്ന കസേരയാണ് എന്ന് ഭാര്യയോടും പറയും. ദുശീലങ്ങള്‍ എന്നൊക്കെ പറഞ്ഞത് പോലെ അങ്ങനെ ചില ശീലങ്ങള്‍ ഉണ്ട്.

റൂമിന്റെ പുറത്ത് നിന്നേ ഞാന്‍ അച്ഛനോട് സംസാരിക്കാറുള്ളൂ. കുറച്ച് ഓവര്‍ ബഹുമാനമാണെന്ന് വെച്ചോ. ഞാന്‍ ആ വീട്ടില്‍ ഉണ്ടാവണമെന്ന് അച്ഛനും ആഗ്രഹമുണ്ട്. മകന്‍ വീട്ടിലുണ്ടെങ്കില്‍ അവര്‍ക്ക് ഒരു സന്തോഷവും സമാധാനവുമുണ്ടാവും. ഞാന്‍ അവിടെ ഉണ്ടാവണമെന്നത് എനിക്കും ഒരു നിര്‍ബന്ധമാണ്,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan sreenivasan about his respect for Sreenivasan