ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതിയ പ്രകാശന്‍ പറക്കട്ടെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ജൂണ്‍ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
തിരക്കഥയിലുള്ള, സ്വന്തം ജീവിതവുമായി റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെക്കുറിച്ച് രസകരമായി സംസാരിക്കുകയാണ് ധ്യാന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ചാണ് ധ്യാന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നത്.
സ്വന്തം ജീവിതത്തില്‍ നിന്ന് തന്നെ ചികഞ്ഞെടുത്ത കാര്യങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് പറഞ്ഞല്ലോ, അത് എന്തൊക്കെ കാര്യങ്ങളാണ് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ധ്യാന്‍ രസകരമായി മറുപടി നല്‍കിയത്.
”എടാ ഇതൊക്കെ ദാരിദ്ര്യത്തിന് താഴെ, ഞാനൊക്കെ റിച്ച് ഫാമിലിയില്‍ നിന്നല്ലേ. ഇത് മിഡില്‍ ക്ലാസിനും താഴെ നില്‍ക്കുന്ന പാവപ്പെട്ട കുടുംബമാണ് (ചിരി).
ഞാന്‍ സിനിമയ്ക്ക് എന്റെ പേഴ്‌സണലായുള്ള എക്‌സ്പീരിയന്‍സുകളൊന്നും എടുത്തിട്ടില്ല. ബേസിക്കലി മാത്യു ചെയ്യുന്ന കഥാപാത്രം എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റും. കാരണം, ഒരുപാട് കഴിവുകളുള്ള ഒരു അനിയന്‍ മാത്യുവിന്റെ കഥാപാത്രത്തിനുണ്ട്. ചെറിയ പ്രായത്തില്‍ ചിത്രം വരയ്ക്കുന്ന, മള്‍ട്ടി ടാലന്റഡായ ഒരു അനിയനും ഒരു കഴിവുമില്ലാത്ത ചേട്ടനുമാണ് ഈ സിനിമയില്‍.
അത് എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റും. കാരണം എന്റെ കുട്ടിക്കാലത്ത് എനിക്ക് യാതൊരു കഴിവുമില്ലായിരുന്നു. എന്നുവെച്ചാല്‍, എക്‌സ്ട്രാകരിക്കുലര്‍ പോട്ടെ, കുറഞ്ഞത് നമ്മള്‍ അക്കാദമിക്കലി എങ്കിലും ഗുഡ് ആയിരിക്കണമല്ലോ. എന്റെ കാര്യത്തില്‍ അതുമില്ല, ഇതുമില്ല.
അപ്പൊ സ്വാഭാവികമായും അച്ഛനമ്മമാര്‍ക്ക് നമ്മളെപ്പറ്റി പറയാന്‍ ഒന്നുമില്ല. എഴുന്നേല്‍ക്കും, ചോറ് തിന്നും, ഉറങ്ങും. ഇങ്ങനെയൊരു ജന്തു എന്നൊക്കെ പറയുന്നത് പോലെ. ഒരു 20- 22 വയസുവരെ അങ്ങനെയൊരു ജന്തുവായിരുന്നു ഞാന്‍.
ഇപ്പോഴും അങ്ങനൊക്കെ തന്നെ. വീടിന് നമ്മളെക്കൊണ്ട് ഒരു ഉപകാരവും ഉണ്ടായിട്ടില്ല. ഇപ്പോഴും ഇല്ല. ഞാന്‍ അച്ഛനെയും ചേട്ടനെയുമൊക്കെ ഇന്റര്‍വ്യൂവില്‍ നാറ്റിച്ച് കൊണ്ടിരിക്കുകയാണല്ലോ. ആ രീതിയില്‍ എനിക്ക് മാത്യുവിനെ ഭയങ്കരമായി റിലേറ്റ് ചെയ്യാന്‍ പറ്റും.
പ്രത്യേകിച്ച് ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഒന്നുമില്ലാത്ത ചെറുപ്പക്കാരന്‍. ഒരു 19- 20 വയസൊക്കെ ആകുമ്പോള്‍ എന്തെങ്കിലുമൊക്കെ ആകണം എന്നുള്ള തോന്നല്‍ സാധാരണയായി ഉണ്ടാകും. എനിക്ക് അതൊന്നുമില്ലായിരുന്നു.
മാത്യു അവതരിപ്പിക്കുന്ന ദാസനും പ്രത്യേകിച്ച് അങ്ങനെയുള്ള സ്വപ്‌നങ്ങളില്ല. അങ്ങനെയുള്ളവര്‍ക്കും ഈ നാട്ടില്‍ ജീവിക്കണ്ടേ.