വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.
സംവിധായകനും തന്റെ അമ്മാവനുമായ എം.മോഹനനൊപ്പമാണ് താൻ ആദ്യമായി ഒരു സിനിമയിൽ സഹായിയായി വർക്ക് ചെയ്യുന്നതെന്നും അന്ന് മുതലാണ് സംവിധായകനാവാൻ തനിക്ക് തോന്നിയതെന്നും ധ്യാൻ പറയുന്നു. സിനിമയിലെ നായകനായ അനൂപ് മേനോനെ കണ്ടപ്പോൾ നായകനാവുന്നതാണ് നല്ലതെന്ന് തോന്നിയെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
‘അമ്മാവൻ എം. മോഹനൻ ആണ് ശരിക്കും എന്നെ സിനിമയിലെടുത്തത്. അദ്ദേഹം 916 എന്ന സിനിമ സംവിധാനം ചെയ്യുന്ന സമയം. അതിൽ അസിസ്റ്റന്റായി. അന്ന് മുതലാണ് സംവിധായകനാകണമെന്ന മോഹം തുടങ്ങിയത്. ആ സിനിമയിൽ അനൂപ് മേനോൻ ആയിരുന്നു നായകൻ. അദ്ദേഹത്തെ കണ്ടപ്പോൾ നായകനാകാനും തോന്നി. പിന്നെ, ചില നിർമാതാക്കളുടെ പത്രാസ് കണ്ടപ്പോൾ അതാകണം വഴിയെന്നു തോന്നി,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.
ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ തന്റെ അച്ഛൻ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും കാര്യം പറഞ്ഞപ്പോൾ അച്ഛൻ സിനിമയെ കുറിച്ച് വിശദമായി ചോദിച്ചെന്നും ധ്യാൻ പറയുന്നു. എന്നാൽ നയൻതാരയോടൊപ്പമാണ് അഭിനയിക്കേണ്ടതെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം വേറെയൊന്നും ചോദിച്ചില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
‘ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അച്ഛൻ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോഴേ വന്നു ചോദ്യമഴ. ‘എന്താണു കഥ. ആരാണ് കഥാപാത്രം. എവിടെയാണ് ലൊക്കേഷൻ, എന്നു ഷൂട്ടിങ് തുടങ്ങും, സ്ക്രിപ്റ്റ് എഴുതി തീർന്നെങ്കിൽ കാണിക്കൂ. ഞാനൊന്നു വായിക്കട്ടെ’.
ഞാൻ പറഞ്ഞു, ‘നയൻതാരയാണ് നായിക. നയൻതാരയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ?’അച്ഛൻ പിന്നെ കഥയോ തിരക്കഥയോ ഒന്നും ചോദിച്ചില്ല. വളരെ പെട്ടെന്നു മറുപടി പറഞ്ഞു, ഞാൻ റെഡി, ‘ധ്യാൻ ശ്രീനിവാസൻ പറയുന്നു.
Content Highlight: Dhyan Sreenivasan About Anoop Menon