Film News
'മമ്മൂക്ക പറഞ്ഞത് വിവാദമായി; തടിയെ പറഞ്ഞയാളോട് മുടിയുടെ കാര്യം പറഞ്ഞ് ഞാനും ദേഷ്യപ്പെട്ടിട്ടുണ്ട്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 18, 05:39 pm
Tuesday, 18th July 2023, 11:09 pm

ആരാധകനില്‍ നിന്നും തനിക്ക് നേരിട്ട രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. കാറിനടുത്തേക്ക് വന്നൊരാള്‍ തടി കുറയ്ക്കണം എന്ന് പറഞ്ഞ് വഴക്ക് പറയുകയും താന്‍ അയാളുടെ തലയില്‍ മുടിയില്ലാത്ത കാര്യം പറഞ്ഞ് തിരിച്ചു ദേഷ്യപ്പെടുകയും ചെയ്തു എന്ന് ധ്യാന്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം

‘ഈയടുത്ത് ഞാന്‍ കാറില്‍ പോകുമ്പോള്‍ ഒരാള്‍ എന്റെ അടുത്ത് വന്ന് ഗ്ലാസില്‍ തട്ടി. ധ്യാനല്ലേ എന്ന് ചോദിച്ചു. ഞാന്‍ കാണണമെന്ന് വെച്ചിരിക്കുകയായിരുന്നു തടി കുറയ്ക്കണം, ഇങ്ങനെ നടന്നാല്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു. ഭയങ്കര സീരിയസ് ആയിട്ടാണ് സംസാരിക്കുന്നത്. ചിലപ്പോള്‍ സ്‌നേഹം കൊണ്ട് പറയുന്നതായിരിക്കാം പക്ഷേ എനിക്കത് ഇഷ്ടപ്പെട്ടില്ല.

മമ്മൂക്ക ജൂഡിന്റെ തലയില്‍ മുടി ഇല്ലാത്ത കാര്യം പറഞ്ഞത് വലിയ വിവാദമായിരുന്നല്ലോ. എന്നോട് സംസാരിക്കുന്ന പുള്ളിയുടെ തലയിലും മുടിയില്ല, നിങ്ങളുടെ തലയില്‍ മുടി ഇല്ലല്ലോ, പിന്നെ ഞാന്‍ തടി വെക്കുന്നതിനെന്താണെന്ന് ചോദിച്ചു. ദേഷ്യത്തിലാണ് ഞാന്‍ പറഞ്ഞത്. പുള്ളിക്ക് ഭയങ്കര സങ്കടമായി പോയി.

അയാള്‍ പിന്നെ അയാളുടെ കഥ പറയുകയാണ്. ബെംഗളൂരുവില്‍ ജോലി ചെയ്ത് അവിടുത്തെ വെള്ളത്തില്‍ മുടിയൊക്കെ കൊഴിഞ്ഞു പോയതാണെന്ന് പുള്ളി പറഞ്ഞു. ഞാന്‍ കുറെ ഭക്ഷണമൊക്കെ കഴിച്ചു കഴിച്ച് അങ്ങനെ തടിച്ചു പോയതാണ് ചേട്ടാ എന്ന് ഞാനും എന്റെ സങ്കടം പറഞ്ഞു. അവസാനം വിഷമം പറഞ്ഞു പറഞ്ഞ് നീ ഇങ്ങനെ തന്നെ ഇരുന്നോ, അതാ നല്ലത് എന്ന് പുള്ളി എന്നോട് പറഞ്ഞു.

ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഞാന്‍ നടനും സിനിമയില്‍ അഭിനയിക്കുന്ന ആളാണെന്നുമുള്ള തോന്നല്‍ എനിക്ക് പലപ്പോഴും ഉണ്ടാകാറില്ല. ഇനി തടി കുറച്ചിട്ട് വന്നു ചെയ്യുന്ന സിനിമ വളരെ നല്ലതായിരിക്കണം എന്ന നിര്‍ബന്ധം എനിക്കുണ്ട്.

നീ തടി കുറയ്ക്കാന്‍ വല്ല പ്ലാനും ഉണ്ടോ എന്ന് ചേട്ടന്‍ എന്നോട് ചോദിച്ചിരുന്നു. നല്ല സിനിമ വരികയാണെങ്കില്‍ തടി കുറച്ചോ ഫലമുണ്ടാകുമെന്ന് പറഞ്ഞു. നല്ല സിനിമയൊന്നും ഇല്ല, ചെയ്യുന്നതൊക്കെ ആവറേജ് സിനിമകളാണ് ഞാന്‍ പറഞ്ഞു. ഞാന്‍ എങ്ങാനും ഒരു സിനിമയുമായി വന്നെങ്കിലോ എന്ന് ചേട്ടന്‍ പറഞ്ഞു. ആ സിനിമ അടുത്തുതന്നെ ഉണ്ടാവും, ഞാന്‍ തടി കുറച്ചാല്‍ ആ സിനിമ നടക്കും. ഇനി കുറച്ചില്ലെങ്കില്‍ വേറെ ആളെ എടുക്കുമെന്നും പറഞ്ഞിട്ടുണ്ട്,’ ധ്യാന്‍ പറഞ്ഞു.

Content Highlight: dhyan sreenivasan about an experience from a fan