കങ്കാരുക്കളേ, ഔട്ടായ ബെല്ലിനെ തിരിച്ചുവിളിച്ച ധോണിയെ ഓര്‍മയുണ്ടോ? ചര്‍ച്ചയായി ഇന്ത്യയുടെ ക്രിക്കറ്റ് സ്പിരിറ്റ്
Sports News
കങ്കാരുക്കളേ, ഔട്ടായ ബെല്ലിനെ തിരിച്ചുവിളിച്ച ധോണിയെ ഓര്‍മയുണ്ടോ? ചര്‍ച്ചയായി ഇന്ത്യയുടെ ക്രിക്കറ്റ് സ്പിരിറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd July 2023, 5:38 pm

കഴിഞ്ഞ ദിവസം ലോര്‍ഡ്‌സില്‍ നടന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയുടെ പുറത്താകല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഓവറുകള്‍ക്കിടയിലെ ഡിസ്‌കഷനായി ക്രീസ് വിട്ടിറങ്ങിയ ബെയര്‍സ്‌റ്റോയെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഇതോടെ നിരവധി വിമര്‍ശനങ്ങള്‍ക്കാണ് സംഭവം തിരികൊളുത്തിയത്.

വിജയിക്കാന്‍ വേണ്ടി ഓസീസ് എന്തും ചെയ്യുമെന്ന ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ ക്രിക്കറ്റിന്റെ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച മറ്റൊരു സംഭവവും ചര്‍ച്ചയുടെ ഭാഗമാകുന്നുണ്ട്. 2011ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ സമാനമായ സംഭവം അരങ്ങേറിയപ്പോള്‍ ഇന്ത്യ അപ്പീല്‍ പിന്‍വലിച്ച് ഇംഗ്ലണ്ട് താരത്തെ ബാറ്റിങ് തുടരാന്‍ അനുവദിച്ച സംഭവമാണ് ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുന്നത്.

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെയായിരുന്നു ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സംഭവം അരങ്ങേറിയത്. നോട്ടിങ്ഹാമില്‍ നടന്ന മത്സരത്തില്‍ ചായക്ക് പിരിയും മുമ്പായിരുന്നു ഇത്.

ഇഷാന്ത് ശര്‍മയെറിഞ്ഞ സെഷനിലെ അവസാന പന്ത് ഓയിന്‍ മോര്‍ഗന്‍ ലെഗ് സൈഡിലേക്ക് ഷോട്ട് കളിച്ചിരുന്നു. ബൗണ്ടറി ലൈനിന് തൊട്ടടുത്ത് നിന്ന് ഷോട്ട് തടുത്തിട്ട പ്രവീണ്‍ കുമാര്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ത്രോ ചെയ്തു.

പന്ത് കൈപ്പിടിയിലൊതുക്കിയ ധോണി വിക്കറ്റ് വീഴ്ത്തുകയും ഇയാന്‍ ബെല്ലിന്റെ വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയുമായിരുന്നു. ക്രിക്കറ്റിന്റെ നിയമപ്രകാരം അത് റണ്‍ ഔട്ടാണെന്ന് കമന്ററി പാനലില്‍ ഇരുന്ന ഷെയന്‍ വോണ്‍ അടക്കമുള്ളവര്‍ പറയുകയും ചെയ്തു.

‘ആ ബോള്‍ ഡെഡ് ആണെന്ന് എനിക്ക് തോന്നുന്നില്ല, അങ്ങനെ അല്ലേ? ബാറ്റര്‍ അത് ഫോറാണെന്നാണ് കരുതിയിരിക്കുന്നത്. എന്നാല്‍ അത് ബൗണ്ടറി റോപ്പില്‍ തട്ടിയോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല.

ബാറ്ററാണെങ്കില്‍ ക്രീസില്‍ കയറിയിട്ടുമില്ല, അതുകൊണ്ട് ബോള്‍ ഇപ്പോഴും അലൈവാണ്. ഇന്ത്യന്‍ താരങ്ങളാകട്ടെ ബെയ്ല്‍സ് വീഴ്ത്തുകയും വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും ചെയ്തിരിക്കുകയാണ്. അത് ഫോര്‍ അല്ലെങ്കില്‍ ഉറപ്പായും ഔട്ട് ആണ്,’ വോണ്‍ പറഞ്ഞു.

തീരുമാനം തേര്‍ഡ് അമ്പയറിന് കൈമാറിയപ്പോള്‍ ബിഗ് സ്‌ക്രീനില്‍ ഔട്ട് എന്ന് തെളിഞ്ഞു. നിറഞ്ഞ കൂവലുകളോടെയാണ് ഇംഗ്ലണ്ട് ക്രൗഡ് ഈ തീരുമാനത്തെ സ്വീകരിച്ചത്. ഇംഗ്ലണ്ട് ക്യാമ്പും ഒന്നടങ്കം ഞെട്ടലിലായിരുന്നു.

 

എന്നാല്‍ ധോണി ഇയാന്‍ ബെല്ലിന്റെ വിക്കറ്റിനായുള്ള അപ്പീല്‍ പിന്‍വലിക്കുകയും ആ ദിവസത്തെ അവസാന സെഷനില്‍ താരം വീണ്ടും ബാറ്റിങ്ങിനിറങ്ങുകയുമായിരുന്നു.

 

Content Highlight: Dhoni withdrew his appeal and allowed Ian Bell to bat again