കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നും ലക്ഷങ്ങള്‍ പണം പിരിച്ചെന്നുമുള്ള ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും യു.ഡി.എഫ് നിയോജക മണ്ഡലം വൈസ് ചെയര്‍മാനുമായ എം. ഷികേശന്‍.
പരാതിയിലെ കാര്യങ്ങള്‍ വസുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊതുവായി ഉണ്ടായ രാഷ്ട്രീയ സാഹചര്യത്തിന് ഉപരിയായി മറ്റ് വിപരീത സാഹചര്യമൊന്നും ബാലുശ്ശേരിയില്‍ ഉണ്ടായിട്ടില്ലെന്നും ഷികേശന്‍ പറഞ്ഞു.
കലാകാരന്‍ എന്ന നിലയില്‍ ധര്‍മജന്‍ ബാലുശ്ശേരിയില്‍ നേട്ടം ഉണ്ടാക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി കെ.പി.സി.സി അധ്യക്ഷന് പരാതി നല്‍കിയത്.
തന്റെ പേരില്‍ ലക്ഷങ്ങള്‍ തെരഞ്ഞെടുപ്പില്‍ പിരിച്ചെന്നും എന്നാല്‍ മണ്ഡലത്തില്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ധര്‍മ്മജന്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഒരു കെ.പി.സി.സി സെക്രട്ടറിയടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളാണ് പിരിവ് നടത്തിയത്. ഈ പണം നേതാക്കളടക്കം തട്ടിയെടുത്തു. ഇതിന് തെളിവുണ്ട്. തനിക്കെതിരെ ചില നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്നും ധര്‍മ്മജന്‍ പറഞ്ഞിരുന്നു.