മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. രാജ്യത്തെ പ്രധാന കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളിലൊന്ന്. കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ ആങ്കയുണ്ടാക്കിയ പ്രദേശം. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ധാരാവിയില്‍നിന്നും വരുന്ന വാര്‍ത്തകള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.
കഴിഞ്ഞ ആറ് ദിവസമായി ധാരാവിയില്‍ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം ഭേദമാവുന്നവരുടെ എണ്ണമാവട്ടെ, പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാള്‍ കൂടുതലുമാണ്. ആകെ രോഗം സ്ഥിരീകരിച്ച 1,899 പേരില്‍ 939 പേരും രോഗമുക്തി നേടി.
889-ല്‍ കുറവാണ് സജീവ കേസുകളുടെ എണ്ണം. 71 പേരാണ് ധാരാവിയില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
ജൂണ്‍ ഒന്നുമുതല്‍ ആറ് വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഈ വ്യത്യാസം മനസിലാവും. ജൂണ്‍ ഒന്നിന് 34 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ ആറിന് പത്തും. മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്ന കണക്കനുസരിച്ചാണ് ഇത്.
ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. അന്നുമുതല്‍ മഹാരാഷ്ട്രയില്‍ ഏറ്റവുമധികം രോഗ വ്യാപന സാധ്യതയുള്ള പ്രദേശമായി ധാരാവി മാറുകയായിരുന്നു. ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ധാരാവിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പതിവാവുകയും ചെയ്തു.
ജനസാന്ദ്രതയേറിയ ചേരിയായതിനാല്‍ ധാരാവി വൈറസിന്റെ പ്രജനന കേന്ദ്രമായി മാറിയേക്കാം എന്ന ആശങ്ക ഉയരുകയും ചെയ്തിരുന്നു.