ഇവര്‍ ലങ്കന്‍ മാലാഖമാര്‍; ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്‌സില്‍ ഇടിവെട്ട് ബാറ്റിങ്
Sports News
ഇവര്‍ ലങ്കന്‍ മാലാഖമാര്‍; ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്‌സില്‍ ഇടിവെട്ട് ബാറ്റിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st August 2024, 9:56 pm

ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഓള്‍ഡ് ട്രഫോഡില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് ലങ്ക നേടിയത്. തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയായിരുന്നു ടീമിന് നേരിടേണ്ടിവന്നത്.

ലങ്കന്‍ ഓപ്പണര്‍ ദിമുത്ത് കരുണരത്നെ അഞ്ചാം ഓവറില്‍ ഗസ് ആറ്റ്കിങ്സണ്‍ന്റെ പന്തില്‍ വെറും രണ്ട് റണ്‍സ് നേടിയാണ് പുറത്തായത്. പിന്നീട് ആറാം ഓവറില്‍ നിഷാന്‍ മധുശങ്കയെ നാല് റണ്‍സിന് ക്രിസ് വോക്സും പറഞ്ഞയച്ചതോടെ ലങ്ക പതറുകയായിരുന്നു. ടീമിനെ പിടിച്ചുനിര്‍ത്താന്‍ പിന്നീട് ഇറങ്ങിയ ഏഞ്ചലോ മാത്യൂസ് പൂജ്യം റണ്‍സിന് കൂടാരം കയറിയപ്പോള്‍ വെറും ആറ് റണ്‍സില്‍ ലങ്കയ്ക്ക് നഷ്ടപ്പെട്ടത് മൂന്ന് വിക്കറ്റുകളായിരുന്നു.

സ്‌കോര്‍ ഉയര്‍ത്താന്‍ ബുദ്ധിമുട്ടിയ ലങ്കയ്ക്ക് തുണയായത് ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയാണ്.
84 പന്തില്‍ 8 ഫോര്‍ അടക്കം 74 റണ്‍സാണ് താരം നേടി പുറത്തായത്. ബഷീറാണ് താരത്തെയും പുറത്താക്കിയത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇംഗ്ലണ്ടില്‍ തന്റെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനമാണ് താരത്തിന് പുറത്തെടുക്കാന്‍ സാധിച്ചത്.

ക്യാപ്റ്റന് കൂട്ടുനിന്ന് മിന്നും പ്രകടനമാണ് മിലന്‍ രത്നയാകെയും കാഴ്ചവെച്ചത്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 131 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും അടക്കം 70 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ് താരം. കൂടെ വിശ്വാ ഫെര്‍ണാണ്ടോ 7 റണ്‍സുമായി ഉണ്ട്.

കുശാല്‍ മെന്‍ഡിസ് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 24 റണ്‍സിന് പുറത്താകുകയായിരുന്നു. മാര്‍ക്ക് വുഡിന്റെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് താരം പുറത്തായത്. സ്പിന്നര്‍ ഷൊയിബ് ബഷീര്‍ 17 റണ്‍സിന് ദിനേഷ് ചണ്ടിമലിനെ പുറത്താക്കിയതോടെ മറുവശത്ത് കമിന്ദു മെന്‍ഡിസും (12) പ്രഭാത് ജയസൂര്യയും (10) കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെയാണ് പുറത്തായത്.

നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ക്രിസ് വോക്സ്, ഷൊയിബ് എന്നിവര്‍ മൂന്ന് വിക്കറ്റും ആറ്റ്കിങ്സണ്‍ രണ്ട് വിക്കറ്റും മാര്‍ക്ക് വുഡ് ഒരു വിക്കറ്റുമാണ് ഇംഗ്ലണ്ടിന് വേണ്ടി നേടിയത്.

 

 

Content Highlight: Dhananjaya de Silva And Milan Rathnayake Helps Sri Lanka To Up Their Score