ഭോപ്പാല്‍: ശ്രീരാമനെയും ഹനുമാനെയും ആരാധിക്കുന്നത് ബി.ജെ.പിയുടെ കുത്തകയല്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഉമാ ഭാരതി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് സംസ്ഥാനത്ത് ഹനുമാന്‍ ക്ഷേത്രം നിര്‍മിച്ചത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബി.ജെ.പി നേതാവ്.
ഹിന്ദുക്കള്‍ വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്ന് പ്രഗ്യാ സിങ് ഠാക്കൂറിന്റെ പരാമര്‍ശത്തെയും ഉമാ ഭാരതി പിന്തുണച്ചു. ‘രാമന്‍ വനവാസ കാലത്ത് പോലും ആയുധം ഉപേക്ഷിച്ചിട്ടില്ല. ആയുധങ്ങള്‍ സൂക്ഷിക്കുന്നത് തെറ്റല്ല, എന്നാല്‍ അക്രമാസക്തമായ ചിന്തകള്‍ തെറ്റാണ്,’ ഉമാ ഭാരതി പറഞ്ഞു.
ബി.ജെ.പി അണികളോട് ചുറ്റും നോക്കി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാന്‍ പറഞ്ഞതിന് പിറകെയാണ് ഉമാ ഭാരതി വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലും ഉമാ ഭാരതി പ്രതികരിച്ചു. ബി.ജെ.പി സര്‍ക്കാറിലെ സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ അശ്ലീല ദൃശ്യങ്ങള്‍ ഒഴിവാക്കണം. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.
‘കാവി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നിറമാണ്. അതിനെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കുകയില്ല. അത്തരം സീനുകള്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ഒഴിവാക്കണം,’ ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെയും ബി.ജെ.പി നേതാവ് പരിഹസിച്ചു.
‘ഞാന്‍ വിചാരിച്ചു അവര്‍ അവനെ മോഹന്‍ജൊദാരോയില്‍ നിന്ന് കുഴിച്ചെടുത്തതാണെന്ന്,’ എന്നാണ് ഉമാ ഭാരതി സല്‍മാന്‍ ഖുര്‍ഷിദിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞത്. കോണ്‍ഗ്രസില്‍ ഭിന്നത കൂടുതല്‍ ദൃശ്യമാണെന്നും അവര്‍ ആരോപിച്ചു.
അടുത്തിടെ സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യശാലക്ക് നേരെ കല്ലെറിഞ്ഞുകൊണ്ടും ഉമാ ഭാരതി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മദ്യ നിരോധനം ആവശ്യപ്പെട്ട് ഉമാ ഭാരതി ശിവ്‌രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെയും വിമര്‍ശിച്ചിരുന്നു.
മധ്യപ്രശേദ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമാ ഭാരതി, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്. പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടതിനാല്‍ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ് ഉമാ ഭാരതി.