പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ്; ഒടുവിൽ മൗനം വെടിഞ്ഞ് ദേവഗൗഡ
India
പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ്; ഒടുവിൽ മൗനം വെടിഞ്ഞ് ദേവഗൗഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2024, 5:52 pm

ബെംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി ദേവഗൗഡ. എല്ലാ കുറ്റവാളികൾക്കെതിരെയും കർശന നടപടിയെടുക്കുമെന്നാണ് പ്രജ്വലിന്റെ മുത്തച്ഛൻ കൂടിയായ ദേവഗൗഡ പറഞ്ഞത്.

‘കുറ്റം ചെയ്ത എല്ലാവർക്കെതിരെയും കർശനമായ നടപടിയെടുക്കണം. എല്ലാവരുടെയും പേരുകൾ ഞാൻ ഇപ്പോളിവിടെ പറയുന്നില്ല. ഇതിൽ ഉൾപ്പെട്ട എല്ലാവർക്കും തക്കതായ ശിക്ഷ ലഭിക്കേണ്ടതാണ്. നിരവധി സ്ത്രീകൾ ഇതിൽ ഇരയാക്കപ്പെട്ടിട്ടുണ്ട് അവർക്കെല്ലാം തന്നെ നീതി ലഭിക്കണം,’ തന്റെ 91ാം ജന്മദിനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ കേസിനെക്കുറിച്ച് ആദ്യമായാണ് ദേവഗൗഡ മാധ്യമങ്ങളോട് സംസാരിക്കുന്നത്.

പ്രജ്വലിനെതിരെ കേസ് വേണമെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ മകനും പ്രജ്വലിന്റെ പിതാവുമായ എച്ച് .ഡി. രേവണ്ണയുടെ കേസിൽ മറ്റൊരു അഭിപ്രായമാണ് പറയുന്നത്. രേവണ്ണയുടെ പേരിൽ കള്ളക്കേസാണ് വന്നതെന്നും അദ്ദേഹത്തിന് ജാമ്യം കിട്ടിയിട്ടുണ്ടെന്നും ഇനി ഒരു കേസ് കൂടെയാണ് വാദം കേൾക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പ്രജ്വൽ രേവണ്ണയെക്കുറിച്ചും എച്ച്. ഡി. രേവണ്ണയെക്കുറിച്ചും എച്ച്. ഡി. കുമാരസ്വാമി ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഞങ്ങളുടെ കുടുംബത്തെ പ്രതിനിധീകരിച്ചാണ് സംസാരിച്ചത്. കുറ്റവാളികൾക്കെതിരെ കേസ് എടുക്കേണ്ടതും അന്വേഷണം നടത്തേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പ്രജ്വലിന്റെ വിഷയത്തിൽ ഞങ്ങൾക്ക് ഒന്നും പറയാൻ ഇല്ല. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. എന്നാൽ എച്ച്. ഡി. രേവണ്ണക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് ജനങ്ങൾക്ക് അറിയാം’; അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യവാരത്തോടെയായിരുന്നു പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. തുടർന്ന് നിരവധി സ്ത്രീകൾ പ്രജ്വലിനെതിരെ രംഗത്തെത്തുകയും പ്രജ്വൽ തന്റെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കുകയും ചെയ്തിരുന്നു. പ്രജ്വലിനെതിരെ പരാതി നൽകിയ യുവതിയെ തട്ടിക്കൊണ്ട് പോയി എന്ന കേസിൽ പ്രജ്വലിന്റെ പിതാവ് എച്ച്. ഡി. രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Content Highlight: Devgouda break silence  in Prajwal’s case