കാര്‍ഷികനിയമത്തില്‍ ഇടഞ്ഞ അണ്ണാ ഹസാരെയെ അനുനയിപ്പിക്കാന്‍ ബി.ജെ.പി; ഫഡ്‌നാവിസ് നേരിട്ടെത്തി കൂടിക്കാഴ്ച
national news
കാര്‍ഷികനിയമത്തില്‍ ഇടഞ്ഞ അണ്ണാ ഹസാരെയെ അനുനയിപ്പിക്കാന്‍ ബി.ജെ.പി; ഫഡ്‌നാവിസ് നേരിട്ടെത്തി കൂടിക്കാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd January 2021, 8:17 am

പൂനെ: അണ്ണാ ഹസാരെയെ അനുനയിപ്പിക്കാന്‍ ഒരുങ്ങി ബി.ജെ.പി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അണ്ണാ ഹസാരെയുമായി കൂടിക്കാഴ്ച നടത്തി.

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 30 മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ അറിയിച്ചിരുന്നു. കേന്ദ്രത്തിന് കത്തയച്ചുകൊണ്ടായിരുന്നു ഇക്കാര്യം ഹസാരെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളെ വരെ രംഗത്തിറക്കി ബി.ജെ.പി അണ്ണാ ഹസാരെയുമായി ചര്‍ച്ചകള്‍ നടത്തുന്നത്.

നേരത്തെ ഫഡ്‌നാവിസ് ചര്‍ച്ചകള്‍ക്കായി എത്തിയാലും അദ്ദേഹത്തോട് സംസാരിക്കില്ലെന്ന് ഹസാരെ അറിയിച്ചിരുന്നു. പ്രശ്‌നങ്ങളില്‍ പരിഹാരം കാണുമെന്ന് മൂന്ന് തവണ രേഖാമൂലം അറിയിച്ചിട്ടും നടപ്പിലാക്കത്തവരുമായി നേരിട്ട് സംസാരിച്ചിട്ട് എന്താണ് പ്രയോജനമെന്നായിരുന്നു ഹസാരെ പറഞ്ഞിരുന്നത്.

എന്നാല്‍ വെള്ളിയാഴ്ച അഹമ്മദ് നഗറിലെ ഹസാരെയുടെ താമസസ്ഥലത്തെത്തി ഫഡ്‌നാവിസ് കൂടിക്കാഴ്ച നടത്തുകയായിരുന്നു്. കാര്‍ഷികരംഗവുമായി ബന്ധപ്പെട്ട് ഹസാരെ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഫഡ്‌നാവിസ് അറിയിച്ചു. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളില്‍ എത്രയും വേഗം പരിഹാരം കാണുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഹസാരെയുമായി കൂടിക്കാഴ്ച നടത്താന്‍ ആവശ്യപ്പെട്ടെതെന്നും ഫഡ്‌നാവിസ് അറിയിച്ചു.

പുതിയ കാര്‍ഷിക നിയമയങ്ങള്‍ ജനാധിപത്യപരമല്ലെന്നും ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതാണെന്നും ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു. എം.എസ് സ്വാമിനാഥന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നതാണ് ഹസാരെയുടെ മുഖ്യ ആവശ്യം.

അതേസമയം കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള പതിനൊന്നാം ഘട്ട ചര്‍ച്ചയും പരാജയത്തില്‍ അവസാനിച്ചു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കേന്ദ്രം പറഞ്ഞു.

ഏറ്റവും കുറഞ്ഞത് ഒരു പതിനെട്ട് മാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കാന്‍ ഉത്തരവിടാമെന്നും നിയമം പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തയ്യാറായില്ല. അതോടെ ഈ ചര്‍ച്ചയും തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. അടുത്ത ഘട്ട ചര്‍ച്ചകളുടെ തീയതി നിശ്ചയിക്കാതെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.

കഴിഞ്ഞ ദിവസം നടന്ന പത്താംഘട്ട ചര്‍ച്ചയില്‍ ഒന്നര വര്‍ഷത്തേക്ക് കാര്‍ഷിക നിയമം നടപ്പിലാക്കില്ലെന്നും ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഇത് നിരസിക്കുകയായിരുന്നു.

അതേസമയം റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും കര്‍ഷക പ്രതിനിധികള്‍ വ്യക്തമാക്കി. നവംബര്‍ 26നാണ് കര്‍ഷക സമരം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരുമായി ഇതിനോടകം കര്‍ഷകര്‍ പത്ത് പ്രാവശ്യം ചര്‍ച്ച നടത്തിക്കഴിഞ്ഞു. കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന് നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുകയാണ്.

നേരത്തെ കാര്‍ഷിക നിയമം നടപ്പിലാക്കുന്നത് രണ്ട് മാസത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Devendra FAdnavis met Anna Hazare over Farm law issues