മമ്മൂട്ടിയുടെ കരിയറിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ന്യൂ ഡെല്‍ഹി. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ചിത്രം വമ്പന്‍ തിരിച്ചുവരവാണ് മമ്മൂട്ടിക്ക് നല്‍കിയത്. ചാരത്തില്‍ നിന്നും പറന്നുയര്‍ന്ന ഫീനിക്‌സ് പക്ഷിയുടെ ഊര്‍ജമാണ് മമ്മൂട്ടിക്ക് അന്ന് ലഭിച്ചത്.
ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത് ദേവനായിരുന്നു. ന്യൂ ഡെല്‍ഹിയെ പറ്റി സംസാരിക്കുകയാണ് ദേവന്‍. മമ്മൂട്ടിയുടെ ഇമേജിന് അന്ന് കോട്ടം തട്ടി നില്‍ക്കുന്നതിനാല്‍ തന്നെ ചിത്രത്തിലെ അദ്ദേഹത്തിന്റെ ഇന്‍ട്രൊക്കും ക്ലൈമാക്‌സിനും മാറ്റം വരുത്തിയെന്ന് ദേവന്‍ പറഞ്ഞു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ന്യൂ ഡെല്‍ഹിയുടെ ആദ്യക്ലൈമാക്‌സില്‍ ഞാനും മമ്മൂട്ടിയും തമ്മില്‍ ഒരു ഫൈറ്റുണ്ടായിരുന്നു. പിന്നെ അത് മാറ്റി സുമലത എന്നെ വെടിവെച്ചു കൊല്ലുന്നതായി ആക്കി. അതിന് പിന്നില്‍ ഒരു കാരണം കൂടിയുണ്ട്. അന്ന് മമ്മൂട്ടിക്ക് മാര്‍ക്കറ്റ് കുറവായിരുന്നു. അതിന് മുമ്പ് ഇറങ്ങിയ പടങ്ങളൊന്നും വലിയ സക്‌സസ് ആയിട്ടില്ല. ജനവും ഇന്‍ഡസ്ട്രിയും ഒരു കണ്‍ഫ്യൂഷനില്‍ നില്‍ക്കുകയാണ്.
അന്ന് സ്‌ക്രീനില്‍ മമ്മൂട്ടി വന്നാല്‍ അത്ര പോസിറ്റീവ് റെസ്‌പോണ്‍സ് അല്ലായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. അതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ ജി.കെ. എന്ന കഥാപാത്രത്തെ കുറച്ചുകൂടി താഴെയാക്കണം. അതുകൊണ്ട് ജി.കെയുടെ ഇന്‍ട്രൊഡക്ഷന്‍ വരെ മാറ്റി. ജയിലില്‍ പൊട്ടിയ ഗ്ലാസുമായി നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് കാണുന്നത്.
സാധാരണ ഒരു ഹീറോയെ ഇന്‍ഡ്രൊഡ്യൂസ് ചെയ്യുന്നത് അങ്ങനെയല്ലല്ലോ. ഭയങ്കര ബി.ജി.എം ഉണ്ട്. അവിടെ കണ്ണട പൊട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് കാണുന്നത്. വാസ്തവത്തില്‍ സുരേഷ് ഗോപിക്കാണ് ആ പടത്തില്‍ ഒരു ഹീറോ ഇമേജുള്ളത്. സുരേഷ് ഗോപി നായകനായി ഷൈന്‍ ചെയ്യുമെന്നുള്ള പ്രതീക്ഷ സംവിധായകനും എഴുത്തുകാരനും പ്രൊഡ്യൂസര്‍ക്കും ഉണ്ടായിരുന്നിരിക്കാം. ഇതെന്റെ അനുമാനമാണ്,’ ദേവന്‍ പറഞ്ഞു.