രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം; പ്രതിഷേധവുമായി നേതാക്കള്‍
Kerala News
രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം; പ്രതിഷേധവുമായി നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st April 2019, 12:20 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ “പപ്പു” എന്ന് വിശേഷിപ്പിച്ച് ദേശാഭിമാനി മുഖപ്രസംഗം. വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ദേശാഭിമാനിയുടെ മുഖപ്രസംഗം. “കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്” എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം എഴുതിയത്.

ഗാന്ധി കുടുംബത്തിന് ഒപ്പം നിന്ന അമേഠിയില്‍ പരാജയഭീതി കൊണ്ടാണ് ഇക്കുറി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നതെന്നും മത്സരിച്ച് ജയിക്കാന്‍ രാഹുലിനും കോണ്‍ഗ്രസിനും സുരക്ഷിതമായ ഒരു മണ്ഡലം പോലും ഉത്തരേന്ത്യയില്‍ ഇല്ലെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.

രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗതികേടിന്റെ ഭാഗമായാണ് രാഹുല്‍ വയനാട്ടിലെത്തുന്നതെന്നുമായിരുന്നു മുഖപ്രസംഗം വിമര്‍ശിച്ചത്. വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിനന്റെയും കോണ്‍ഗ്രസിന്റേയും തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് മുഖപ്രസംഗം ഉന്നയിച്ചത്.

എന്നാല്‍ രാഹുലിനെ പപ്പുവെന്ന് വിളിച്ച് അധിക്ഷേപിച്ചുകൊണ്ടുള്ള ദേശാഭിമാനി മുഖപ്രസംഗത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.


എന്നാലും മോദീ താങ്കളില്‍ നിന്ന് ഇങ്ങനെ ഒന്ന്, ഈ തെരഞ്ഞെടുപ്പു വേളയില്‍ പ്രതീക്ഷിച്ചതല്ല: ബാലചന്ദ്ര മേനോന്‍


എറണാകുളത്തെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നതെന്നും അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍ പി.രാജീവ് തയ്യാറാവണമെന്നുമായിരുന്നു വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

“”സി.പി.ഐ.എമ്മിന്റെ നേതാക്കന്മാരൊക്കെ “മഹാന്മാ”രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാല്‍ സി.പി.ഐ.എമ്മിന്റ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയില്‍ എഡിറ്റോറിയല്‍ എഴുതാം.

സോഷ്യല്‍ മീഡിയയില്‍ പല രാഷ്ട്രീയ നേതാക്കന്മാര്‍ക്കും എതിരാളികള്‍ പരിഹാസപൂര്‍വ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോള്‍ കടന്നുവരാറുമുണ്ട്. അതിന്റെ പേരില്‍ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തില്‍ കൈപ്പറ്റിയും സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷനുകള്‍ക്കൊപ്പം നിര്‍ബ്ബന്ധപൂര്‍വ്വം സാധാരണക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചും നിലനിന്നുപോരുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്.””- എന്നായിരുന്നു വി.ടി ബല്‍റാം വിമര്‍ശിച്ചത്.