കോട്ടയം: ചങ്ങനാശേരി പുത്തൂര്‍പ്പള്ളി ജുമാ മസ്ജിദില്‍ ബാര്‍ബര്‍, ലബ്ബ വിഭാഗങ്ങള്‍ക്ക് നേരെ വിവേചനമെന്ന് പരാതി. കഴിഞ്ഞ ദിവസം പൊതുയോഗത്തില്‍ പങ്കെടുത്ത ബാര്‍ബര്‍ വിഭാഗത്തില്‍പ്പെട്ടയാള്‍ക്ക് പള്ളിക്കമ്മിറ്റി നോട്ടീസ് നല്‍കി. പള്ളിയുടെ കീഴ് വഴക്കം ലംഘിച്ചുവെന്ന് കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാര്‍ബര്‍ വിഭാഗത്തില്‍പ്പെട്ടയാളുകള്‍ പള്ളിക്കമ്മിറ്റിയില്‍ പങ്കെടുക്കില്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കിയതാണെന്നും ഇതില്‍ ലംഘനമുണ്ടായെന്നും നോട്ടീസില്‍ പറയുന്നു.
വര്‍ഷങ്ങളായി വിലക്കുള്ളവരാണെന്നും ഇനി ഇത് ആവര്‍ത്തിക്കരുതെന്നും കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് പരാതിക്കാരന്‍ മീഡിയ വണിനോട് പറഞ്ഞു.
‘വഴിയുടെ ഒരു പ്രശ്‌നത്തില്‍ പള്ളി പൊതുയോഗം വിളിച്ചിരുന്നു. അതില്‍ പങ്കെടുക്കുകയും രജിസ്റ്ററില്‍ ഒപ്പിടുകയും ചെയ്തിരുന്നു. അപ്പോള്‍ ആരും ഒന്നും പറഞ്ഞിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞാണ് വീട്ടിലേക്ക് നോട്ടീസ് വരുന്നത്. വര്‍ഷങ്ങളായി വിലക്കുള്ളവരാണ് നിങ്ങള്‍, യോഗത്തില്‍ അറിവില്ലായ്മ കൊണ്ട് പങ്കെടുത്തതാണെന്ന് വിചാരിക്കുന്നുവെന്ന് പറഞ്ഞാണ് നോട്ടീസ് അയച്ചത്. ഇനി ആവര്‍ത്തിക്കരുതെന്നും നോട്ടീസില്‍ ഉണ്ടായിരുന്നു, ‘ പരാതിക്കാരന്‍ അനീഷ് സാലി പറഞ്ഞു.
ബാര്‍ബര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ലബ്ബമാര്‍ക്കും അംഗത്വം വേണ്ടതില്ലെന്നാണ് പള്ളിയുടെ ഭരണഘടനയില്‍ പറയുന്നതെന്നും ഇത് തിരുത്തണമെങ്കില്‍ ഭരണഘടനാ ഭേദഗതി വരുത്തണമെന്നും പള്ളി ഭാരവാഹികള്‍ പറഞ്ഞു. ഇവര്‍ക്ക് മഹലില്‍ അംഗത്വമില്ല എന്നാല്‍ പള്ളിയില്‍ പ്രവേശിക്കാനും മരിച്ചാല്‍ ഖബറടക്കാനും സാധിക്കും. ചെറുപ്പക്കാര്‍ക്കിടയില്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണുള്ളത്. ഭരണഘടന തിരുത്താനും അത് പള്ളിക്കമ്മിറ്റിയില്‍ പാസാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും പള്ളിയുടെ ഭാരവാഹികള്‍ പറഞ്ഞു.