ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്നും പിന്മാറും; രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു: മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാര്‍ വീഴുമോ?
മുംബൈ: കോണ്‍ഗ്രസ് നേതാവ് നാന പട്ടോള്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് മഹാ വികാസ് അഘാഡി സഖ്യത്തിനുമേല്‍ കോണ്‍ഗ്രസ് സമ്മര്‍ദം ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ സഖ്യത്തില്‍ നിന്നും പുറത്തുപോകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചുവെന്ന് ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ എന്‍.സി.പി നേതാവായ അജിത് പവാറാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി. അധികാര വിഭജനത്തില്‍ തുല്യതയുണ്ടാകണമെന്ന് സംസ്ഥാനത്തെ നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
‘ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മഹാവികാസ് അഘാഡി സര്‍ക്കാരില്‍ നിന്നും പിന്‍വാങ്ങുകയോ സര്‍ക്കാരിന്റെ ഭാഗമാകാതെ പുറത്തുനിന്ന് പിന്തുണക്കുകയോ ചെയ്‌തേക്കാം. ഈ ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കണമെന്നാണ് രാഹുല്‍ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടത്.’ ഉന്നത നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ശിവസേനക്ക് 57ഉം എന്‍.സി.പിക്ക് 54ഉം കോണ്‍ഗ്രസിന് 44ഉം എം.എല്‍.എമാരാണുള്ളത്. സഖ്യത്തില്‍ തങ്ങള്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കിടിയില്‍ പരാതിയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
‘സഖ്യത്തിന്റെ തീരുമാനങ്ങളെടുക്കുമ്പോള്‍ ശിവസേനയും എന്‍.സി.പിയും മുന്‍പന്തിയില്‍ നില്‍ക്കുകയും കോണ്‍ഗ്രസിനെ അവഗണിക്കുകയുമാണ്. ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനവും എന്‍.സി.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവുമുണ്ട്. കോണ്‍ഗ്രസിന് മാത്രം പ്രധാനപ്പെട്ട സ്ഥാനങ്ങളൊന്നുമില്ല. ഇത് ഞങ്ങള്‍ രാഹുല്‍ ഗാന്ധിയോട് സംസാരിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന് അദ്ദേഹത്തിന് ബോധ്യമായി.’ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
അജിത് പവാര്‍ ഒറ്റക്ക് കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും ഇത് തുടര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനം നഷ്ടപ്പെടുമെന്നും ഈ നേതാവ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ രൂപീകരിക്കുന്ന സമയത്ത് അധികാര വിഭജനത്തെ കുറിച്ച് അജിത് പവാറുമായി കൃത്യമായ ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെ കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്നും നേതാവ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക