നിങ്ങളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണോ?; ആര്‍.ബി.ഐ പറയുന്നതിങ്ങനെ
national news
നിങ്ങളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണോ?; ആര്‍.ബി.ഐ പറയുന്നതിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th March 2020, 8:37 pm

ന്യൂദല്‍ഹി: യെസ് ബാങ്കിന്റെയും പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോര്‍പറേറ്റിവ് ബാങ്കിന്റെയും തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ നിക്ഷേപങ്ങളെക്കുറിച്ചുള്ള ആളുകളുടെ ആശങ്കകള്‍ക്ക് മറുപടിയുമായി റിസര്‍വ് ബാങ്ക്. ഈ ബാങ്കുകളുടെ തകര്‍ച്ചയില്‍ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ല എന്ന ഉറപ്പ് നല്‍കുകയാണ് ആര്‍.ബി.ഐ.

‘മാധ്യമങ്ങളിലൂടെ ബാങ്ക് നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് വിവിധ തരത്തിലുള്ള ആശങ്കകള്‍ ആളുകള്‍ പങ്കുവെക്കുന്നത് ശ്രദ്ധയില്‍പെട്ടു. തീര്‍ത്തും വിശകലനങ്ങളെ അടിസ്ഥാനമാക്കി ഉയര്‍ന്നിട്ടുള്ളതാണ് ഈ ആശങ്കകളൊക്കെയും’, ആര്‍.ബി.ഐ ട്വീറ്റ് ചെയ്തു.

ബാങ്കുകളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്താരാഷ്ട്രതലത്തില്‍ ക്യാപിറ്റല്‍ റ്റു റിസ്‌ക് അസറ്റ്‌സുമായി(സി.ആര്‍.എ.ആര്‍) ബന്ധപ്പെടുത്തിയിട്ടുള്ളതാണെന്നും വിപണി മൂലധനവുമായി അതിന് ബന്ധമില്ലെന്നും ആര്‍.ബി.ഐ അറിയിച്ചു.

‘എല്ലാ ബാങ്കുകളെയും ആര്‍.ബി.ഐ സൂക്ഷ്മമായി നിരക്ഷിക്കുന്നുണ്ട്. നിക്ഷേപകര്‍ക്ക് ഞങ്ങള്‍ ഉറപ്പുതരുന്നു, നിങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ട’, ആര്‍.ബി.ഐ ട്വീറ്റില്‍ വ്യക്തമാക്കി.