പ്രശ്‌നം ജനാധിപത്യത്തിനല്ല ബി.ജെ.പിക്കാണ്; നീതി ആയോഗ് സി.ഇ.ഒയ്ക്ക് ഉവൈസിയുടെ മറുപടി
national news
പ്രശ്‌നം ജനാധിപത്യത്തിനല്ല ബി.ജെ.പിക്കാണ്; നീതി ആയോഗ് സി.ഇ.ഒയ്ക്ക് ഉവൈസിയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th December 2020, 9:09 am

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നയങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി.

ഇന്ത്യയില്‍ ജനാധിപത്യം വളരെ കൂടുതലായതിനാല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക വലിയ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഉവൈസി രംഗത്തെത്തിയിരിക്കുന്നത്.

പ്രശ്‌നം ജനാധിപത്യത്തിനല്ല ബി.ജെ.പിക്കാണെന്നാണ് അമിതാഭ് കാന്തിന്റെ പ്രസ്താവനയ്ക്ക് ഉവൈസി മറുപടി നല്‍കിയത്.

നോട്ട് നിരോധനമായാലും കശ്മീര്‍ വിഷയമായാലും കാര്‍ഷിക നിയമമായാലും ബി.ജെ.പി ജനാധിപത്യത്തോട് ബഹുമാനത്തിന്റെ ഒരുകണികപോലും കാണിച്ചിട്ടില്ലെന്നാണ് ഉവൈസി ചൂണ്ടിക്കാട്ടിയത്. തീയണയാന്‍ വളരെകുറച്ച് വെള്ളം തന്നെ ധാരാളമാണെന്നും ഉവൈസി പറഞ്ഞു.

ബി.ജെ.പിയുടെ ദുഷ്‌ക്കരമായ രീതി വേദനയ്ക്കും ദുരിതത്തിനും കാരണമായെന്നും ഉവൈസി പറഞ്ഞു.

ശക്തമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാല്‍ മാത്രമേ ചൈനയുമായി മത്സരിക്കാന്‍ ഇന്ത്യക്കാവുകയുള്ളൂവെന്നും കാന്ത് അവകാശപ്പെട്ടിരുന്നു.

” ഇന്ത്യയില്‍ ശക്തമായ നവീകരണങ്ങള്‍ നടപ്പാക്കുന്നതിന് വലിയ ബുദ്ധിമുട്ടാണ്. കാരണം ഇന്ത്യയില്‍ ജനാധിപത്യം വളരെയധികം കൂടുതലാണ്… കല്‍ക്കരി, ഖനനം, തൊഴില്‍, കൃഷി തുടങ്ങിയ മേഖലയില്‍ നടപ്പാക്കിയ പോലെയുള്ള നവീകരണങ്ങള്‍ നടത്തണമെങ്കില്‍ രാഷ്ട്രീയമായ ഇച്ഛാ ശക്തി ആവശ്യമാണ്. ഇനിയും ഒരുപാട് ഇവിടെ നടപ്പാക്കാനുമുണ്ട്,’ എന്നാണ് അമിതാഭ് കാന്തിന്റെ അഭിപ്രായം.

ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യമുയര്‍ന്നപ്പോള്‍ കാര്‍ഷിക മേഖലയില്‍ നവീകരണം ആവശ്യമാണെന്നായിരുന്നു കാന്തിന്റെ മറുപടി.

‘താങ്ങുവില അവിടെ തന്നെയുണ്ടാകുമെന്ന് മനസിലാക്കലാണ് ഇതില്‍ പ്രധാനം. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനും അതില്‍ നിന്ന് ലാഭമുണ്ടാക്കാനും സാധിക്കും,’ എന്നാണ് കാന്ത് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Democracy isn’t the problem, BJP is says  Asaduddin Owaisi