മദ്യനയക്കേസില്‍ എ.എ.പിയെ വിടാതെ ഇ.ഡി; മന്ത്രി കൈലാഷ് ഗെഹ്‌ലോട്ടിനെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു
national news
മദ്യനയക്കേസില്‍ എ.എ.പിയെ വിടാതെ ഇ.ഡി; മന്ത്രി കൈലാഷ് ഗെഹ്‌ലോട്ടിനെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th March 2024, 6:34 pm

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയിലെ കൂടുതല്‍ നേതാക്കളെ ലക്ഷ്യമിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദല്‍ഹിയിലെ ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ടിനെ അഞ്ച് മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തു.

മദ്യനയത്തിന് രൂപം നല്‍കിയ മന്ത്രിതല സമിതിയില്‍ കൈലാഷ് ഗെഹ്‌ലോട്ടുമുണ്ടായിരുന്നു. കേസിലെ പ്രതിയായ വിജയ് നായര്‍ തനിക്ക് ലഭിച്ച ഔദ്യോഗിക വസതിയില്‍ താമസിച്ചതിനെ കുറിച്ചുള്ള ഇ.ഡിയുടെ ചോദ്യത്തിന് മറുപടി നല്‍കിയെന്ന് ചോദ്യം ചെയ്യലിന് ശേഷം കൈലാഷ് ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ഇത് രണ്ടാം തവണയാണ് കേസില്‍ കൈലാഷ് ഗെഹ്‌ലോട്ടിന് ഇ.ഡി സമന്‍സ് അയക്കുന്നത്. അദ്ദേഹത്തെ ഇനിയും ചോദ്യം ചെയ്യുമെന്ന് ഇ.ഡി അറിയിച്ചിട്ടുണ്ട്.

അതിനിടെ, ദല്‍ഹിയിലെ മുന്‍ മന്ത്രി സത്യേന്ദര്‍ ജെയ്‌നെതിരെ സി.ബി.ഐ അന്വേഷണം ശക്തമാക്കി. തട്ടിപ്പ് കേസില്‍ പ്രതിയായ സുകേഷ് ചന്ദ്ര ശേഖറിന് ജയിലില്‍ മികച്ച സൗകര്യം ഒരുക്കി നല്‍കാന്‍ പത്ത് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. സത്യേന്ദര്‍ ജെയിന്‍ ജയില്‍ മന്ത്രി ആയിരുന്ന കാലത്ത് കൈക്കൂലി വാങ്ങിയെന്നാണ് പരാതി.

മദ്യ അഴിമതിക്കേസിലെ പണക്കൈമാറ്റത്തെ കുറിച്ച് കെജ്‌രിവാള്‍ റൗസ് അവന്യൂ കോടതിയില്‍ തുറന്നടിച്ചിരുന്നു. കേസില്‍ മാപ്പുസാക്ഷിയായ അഴിമതിക്കേസ് പ്രതി ശരത് റെഡ്ഡി ബി.ജെ.പിക്ക് നല്‍കിയത് 55 കോടി രൂപയാണെന്നും ഇതില്‍ 50 കോടിയുടെ കൈമാറ്റം നടന്നത് ഇ.ഡി അന്വേഷണം ആരംഭിച്ചതിന് ശേഷമാണെന്നും കെജ്‌രിവാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. നടന്നത് 100 കോടിയുടെ അഴിമതി ആണെങ്കില്‍ ആ പണം എവിടെ പോയെന്നാണ് പ്രധാന ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Delhi minister quizzed for 5 hours by ED days after Arvind Kejriwal arrest