ന്യൂദല്‍ഹി: ഗ്രെറ്റ ടൂള്‍ക്കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി നല്‍കിയ ഹരജിയില്‍ മറുപടി നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതില്‍ നിന്നും പൊലീസിനെ തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് ദിഷ നല്‍കിയ ഹരജിയിലെ വാദം കേള്‍ക്കവേയാണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.
മാര്‍ച്ച് 17നുള്ളില്‍ ഹരജിയില്‍ കേന്ദ്രം പ്രതികരണം നല്‍കണമെന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. ഇത് മറുപടി നല്‍കാനുള്ള അവസാന തിയതിയാണെന്നും കോടതി അറിയിച്ചിരുന്നു. ഇതിനുശേഷവും കേന്ദ്രം മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് ദിഷ രവിയുടെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് കോടതി വിമര്‍ശനമുന്നയിച്ചത്.
‘കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം എന്ന് പറഞ്ഞാല്‍ മനസ്സിലാകില്ലേ? ഇത് വളരെ മോശമായ കാര്യമാണ്. പിന്നെ കോടതി അവസാന അവസരം എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? എനിക്ക് ഇത് മനസ്സിലാകുന്നില്ല. ,’ ജസ്റ്റിസ് രേഖ പല്ലി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെ പിഴ ചുമത്തേണ്ടതാണെന്നും കോടതി പറഞ്ഞു. പിന്നീട് വിഷയത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണം കേട്ട ശേഷം ഈ തീരുമാനത്തില്‍ നിന്നും കോടതി പിന്മാറുകയായിരുന്നു.
കൊവിഡായതു കൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്നും അതുകൊണ്ടാണ് മറുപടി നല്‍കാന്‍ വൈകുന്നതെന്നുമാണ് കേന്ദ്രം വിശദീകരണം നല്‍കിയത്. ഇതിന് പിന്നാലെ ഹരജി ആറാഴ്ചത്തേക്ക് നീട്ടി വെക്കുകയാണെന്നും ഓഗസ്റ്റില്‍ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ഫെബ്രുവരി 13നാണ് കര്‍ഷകസമരവുമായി ബന്ധപ്പെട്ട ടൂള്‍ക്കിറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുവെന്ന് ആരോപിച്ച് ദിഷ രവിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് ദിവസത്തിന് ശേഷമാണ് ദിഷയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഈ സംഭവം അന്താരാഷ്ട്ര തലത്തില്‍ വരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക