ന്യൂദല്‍ഹി: നെറ്റ്ഫ്ളിക്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ബിഗ് ലിറ്റില്‍ മര്‍ഡര്‍’ എന്ന ഡോക്യുമെന്ററിയുടെ സ്ട്രീമിംഗ് നിര്‍ത്താനുത്തരവിട്ട് ദല്‍ഹി ഹൈക്കോടതി. ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി.
റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 7 വയസ്സുകാരന്‍ പ്രദ്യുമ്നന്‍ ഠാക്കൂറിനെ കുറിച്ചുള്ളതാണ് ബിഗ് ലിറ്റില്‍ മര്‍ഡര്‍.
2021 ആഗസ്റ്റ് 6ന് സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയ ഡോക്യുമെന്ററിയില്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ചിത്രവും സ്‌കൂളിനെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഇതിനെതിരെയാണ് സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിച്ചത്.
സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ സീനുകളും നീക്കിയ ശേഷം മാത്രമേ ബിഗ് ലിറ്റില്‍ മര്‍ഡര്‍ എന്ന ഡോക്യുമെന്ററിയുടെ സംപ്രേക്ഷണത്തിന് അനുമതി ലഭിക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജയന്ത് നാഥ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
2018 ജനുവരി എട്ടിലെ കീഴ്ക്കോടതി ഉത്തരവിന് എതിരായാണ് സ്‌കൂളിന്റെ പേരും സ്‌കൂള്‍ കെട്ടിടത്തിന്റെ ചിത്രങ്ങളും ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു.
2017 ഫെബ്രുവരി എട്ടിന് ആയിരുന്നു ഏഴ് വയസുകാരനെ സ്‌കൂളിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസിലെ കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് കൃത്യം നടത്തിയതെന്നായിരുന്നു പൊലീസ് നിഗമനം.
എന്നാല്‍ അതേ സ്‌കൂളിലെ 11ാം ക്ലാസുകാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് പിന്നീട് തെളിഞ്ഞു. കൊല നടത്തിയ ദിവസത്തെ പരീക്ഷയും പിറ്റേന്നു നടക്കേണ്ട അധ്യാപക രക്ഷാകര്‍ത്തൃ യോഗവും മാറ്റിവെയ്ക്കാനായിരുന്നു കൊല നടത്തിയതെന്നുമായിരുന്നു പ്രതി മൊഴി നല്‍കിയത്.