ഹരിയാനയിലേക്ക് വന്ന ഓക്‌സിജന്‍ ടാങ്കര്‍ ദല്‍ഹി തട്ടിയെടുത്തു; ആരോപണവുമായി ആരോഗ്യമന്ത്രി
national news
ഹരിയാനയിലേക്ക് വന്ന ഓക്‌സിജന്‍ ടാങ്കര്‍ ദല്‍ഹി തട്ടിയെടുത്തു; ആരോപണവുമായി ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st April 2021, 4:38 pm

ചണ്ഡീഗഢ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ക്ഷാമം സംസ്ഥാനങ്ങളില്‍ രൂക്ഷമാകുന്നതിനിടെ ദല്‍ഹി സര്‍ക്കാരിനെതിരെ ഓക്‌സിജന്‍ മോഷണമാരോപിച്ച് ഹരിയാന. ഹരിയാനയിലെ ഫരീദാബാദിലേക്ക് വന്ന ഓക്‌സിജന്‍ ടാങ്കറുകളില്‍ ഒന്ന് ദല്‍ഹി സര്‍ക്കാര്‍ തട്ടിയെടുത്തുവെന്ന് ആരോഗ്യമന്ത്രി അനില്‍ വിജ് ആരോപിച്ചു.

ഇതോടെ ഓക്‌സിജന്‍ ടാങ്കറുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും അനില്‍ വിജ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഇത്തരം നടപടികളുണ്ടായാല്‍ ആരോഗ്യമേഖല തകരുമെന്നും വിജ് കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹരിയാനയുടെ ആരോപണങ്ങളോട് ദല്‍ഹി പ്രതികരിച്ചിട്ടില്ല.

ഹരിയാനയുടെ അയല്‍ സംസ്ഥാനങ്ങളായ രാജസ്ഥാനും ഹിമാചല്‍ പ്രദേശും സംസ്ഥാനത്തേക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും വിജ് പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ സംസ്ഥാനങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ഗോവയ്ക്കായി കേരളം ഓക്‌സിജന്‍ വിതരണം ചെയ്തിരുന്നു. ഗോവ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഇത്.

വിവിധ സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Delhi govt ”looted” oxygen tanker going from Panipat to Faridabad: Haryana minister Anil Vij