ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൊവിഡ് രോഗികളെ മൃഗങ്ങളേക്കാള്‍ കഷ്ടമായാണ് കൈകാര്യം ചെയ്യുന്നതെന്ന സുപ്രീം കോടതി വിമര്‍ശനത്തിന് പിന്നാലെ ദല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍.
കൊവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹത്തിന് പകരം തങ്ങള്‍ക്ക് നല്‍കിയത് മറ്റൊരാളുടെ മൃതദേഹമാണെന്നും തങ്ങളുടെ അച്ഛനല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആ മൃതദേഹം തങ്ങള്‍ക്ക് അടക്കം ചെയ്യേണ്ട സാഹചര്യമുണ്ടായതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
‘ അച്ഛന്‍ മരിച്ച ശേഷം മൃതദേഹം തിരിച്ചറിയാനായി ഞങ്ങളെ മോര്‍ച്ചറിയിലേക്ക് വിളിച്ചിരുന്നു. ഞങ്ങള്‍ അവിടെ എത്തുകയും ചെയ്തു. അവിടെ വെച്ച് അച്ഛന്റെ മൃതദേഹം കണ്ടു. എന്നാല്‍ അതിന് ശേഷം സംസ്‌ക്കാര ചടങ്ങിനായി എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചത് മറ്റൊരാളുടെ മൃതദേഹമായിരുന്നു.
ആശുപത്രി ആംബുലന്‍സിലായിരുന്നു മൃതദേഹം കൊണ്ടുവന്നത്. അഞ്ചോളം മൃതദേഹങ്ങള്‍ അതിലുണ്ടായിരുന്നു. ഇത് ഞങ്ങളുടെ അച്ഛനല്ലെന്നും മറ്റാരോ ആണെന്നും അധികൃതരോട് പറഞ്ഞു. എന്നാല്‍ ഇത് തന്നെയാണെന്നായിരുന്നു അവര്‍ വാദിച്ചത്.
മൃതദേഹത്തിന് മുകളില്‍ ടാഗ് ചെയ്ത പേര് നിങ്ങള്‍ പരിശോധിക്കൂ എന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു. ആ സമയത്ത് അത് ഞങ്ങളുടെ അച്ഛനല്ലെന്ന് തെളിയിക്കാന്‍ അത് മാത്രമേ വഴിയുണ്ടായിരുന്നുള്ളു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല.
തര്‍ക്കം നടത്താന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങള്‍. ഒടുവില്‍ അത് ഞങ്ങളുടെ അച്ഛന്‍ തന്നെയാണെന്ന് സങ്കല്‍പ്പിച്ച് ആ മൃതദേഹം അടക്കം ചെയ്തു. അതിന് ശേഷം ആശുപത്രിയില്‍ നിന്നും ഞങ്ങളെ വിളിക്കുകയും ചില ആശയക്കുഴപ്പം ഉണ്ടായെന്ന് അറിയിരിക്കുകയും ചെയ്തു. അച്ഛന്റെ മൃതദേഹം ആശുപത്രിയില്‍ തന്നെയാണ് ഉള്ളതെന്നും പറഞ്ഞു.
ഞങ്ങളുടെ അച്ഛന്റെ മൃതദേഹത്തിന് പകരം അതേദിവസം മരണപ്പെട്ട മറ്റൊരു സ്ത്രീയുടെ മൃതദേഹമായിരുന്നു ഞങ്ങള്‍ക്ക് കൈമാറിയത്. എന്താണ് പറയേണ്ടതെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല ‘ മരണപ്പെട്ടയാളുടെ മകന്‍ പറഞ്ഞതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു..
കൊവിഡ് ബാധിച്ച് അച്ഛന്‍ മരണപ്പെട്ടിട്ടും അമ്മയ്ക്ക് കൊവിഡ് ടെസ്റ്റ് നടത്താന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.
കൊവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. കൊവിഡ് രോഗികളുടെ പരിചരണത്തില്‍ ഈ സംസ്ഥാനങ്ങളില്‍ ദു:ഖകരമായ അവസ്ഥയാണെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ്.
ദല്‍ഹിയില്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായാണ് കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതെന്നും മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചിതറിക്കിടക്കുകയാണെന്നും ഇങ്ങനെയാണെങ്കില്‍ ചവറ്റുകൂനയില്‍ വരെ മൃതദേഹങ്ങള്‍ കണ്ടെത്തുന്ന സാഹചര്യമുണ്ടാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക