ന്യൂദല്‍ഹി: ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് നാല് യുവാക്കള്‍ക്കെതിരെ എന്‍.ഐ.എ ചുമത്തിയ കുറ്റങ്ങള്‍ ദല്‍ഹി കോടതി റദ്ദാക്കി. മുഹമ്മദ് സല്‍മാന്‍, മുഹമ്മദ് സലീം, ആരിഫ് ഗുലാം, ബശീര്‍ ധരംപൂരിയ എന്നീ നാല് മുസ്‌ലിം യുവാക്കളെയാണ് ദല്‍ഹി കോടതി കുറ്റവിമുക്തരാക്കിയത്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി പര്‍വീണ്‍ സിംഗിന്റേതായിരുന്നു വിധി.
2018, 2019 വര്‍ഷങ്ങളിലായിട്ടായിരുന്നു യുവാക്കള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സ്വീകരിച്ചു എന്ന പേരില്‍ കേസെടുത്തത്. പാകിസ്ഥാനിലെ ഫലാഹെ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്ന സംഘടനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചെന്നായിരുന്നു ആരോപണം.
യുവാക്കളിലൊരാളായ മുഹമ്മദ് സല്‍മാന്റെ ഫോണില്‍ വന്ന സന്ദേശങ്ങളായിരുന്നു പ്രധാന തെളിവുകളായി എന്‍.ഐ.എ ചൂണ്ടിക്കാട്ടിയത്. ‘നെയ്യ് തയ്യാറാണ്, ബോംബെ സംഘം വരുന്നുണ്ട്. അത് അവര്‍ വഴി അയയ്ക്കുന്നു,’ ‘നിങ്ങള്‍ ഖിദ്മത്തിലായിരുന്നു, അതുകൊണ്ട് നിങ്ങള്‍ അതറിയാന്‍ വഴിയില്ല,’ എന്നിങ്ങനെയായിരുന്നു ഫോണിലെത്തിയ രണ്ട് സന്ദേശങ്ങള്‍.