എന്നാലും വല്ലാത്ത ചെയ്ത്തായിപ്പോയി, അവനെ ടീമിൽ നിർത്താമായിരുന്നു; മൂന്ന് താരങ്ങളെ റിലീസ് ചെയ്യാനൊരുങ്ങി ദൽഹി ക്യാപിറ്റൽസ്
Cricket
എന്നാലും വല്ലാത്ത ചെയ്ത്തായിപ്പോയി, അവനെ ടീമിൽ നിർത്താമായിരുന്നു; മൂന്ന് താരങ്ങളെ റിലീസ് ചെയ്യാനൊരുങ്ങി ദൽഹി ക്യാപിറ്റൽസ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th October 2022, 1:29 pm

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിന് മുന്നോടിയായി ടീമിൽ നിന്ന് ആരെയൊക്കെ ഒഴിവാക്കണമെന്ന ആലോചനയിലാണ് ഫ്രാഞ്ചൈസികൾ.

ലേലത്തിന് മുൻപ് റിലീസ് ചെയ്യുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കാൻ ഫ്രാഞ്ചൈസികൾക്ക് ബി.സി.സി.ഐ നൽകിയിരിക്കുന്ന അവസാന തീയതി നവംബർ 15 ആണ്.

ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുള്ള താരങ്ങളുടെ പേരുകൾ ദൽഹി ക്യാപിറ്റൽസ് പുറത്ത് വിട്ടെന്ന സൂചനയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഇന്ത്യൻ താരം ഷർദുൽ താക്കൂറിനെ ഡെൽഹി ഫ്രാഞ്ചൈസി കയ്യൊഴിയാൻ തയ്യാറെടുക്കുന്നെന്നാണ് റിപ്പോർട്ട്. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഐ.പി.എൽ താരലേലത്തിൽ വൻതുക മുടക്കി വാങ്ങിയ സൂപ്പർതാരമാണ് താക്കൂർ. 10.75 കോടി രൂപ മുടക്കിയാണ് ക്യാപിറ്റൽസ് ഷർദുലിനെ സ്വന്തമാക്കിയത്. എന്നാൽ പണത്തിന്റെ മൂല്യത്തിനൊത്ത പ്രകടനം ഷർദുൽ പുറത്തെടുത്തില്ല.

4 മത്സരങ്ങളിൽ നിന്ന് 120 റൺസും, 15 വിക്കറ്റുകളുമായിരുന്നു 2022 സീസൺ ഐപിഎല്ലിൽ താക്കൂറിന്റെ സമ്പാദ്യം. റൺസ് കിട്ടു കൊടുക്കുന്ന തിലും യാതൊരു പിശുക്കും കാണിക്കാതിരുന്ന ഷർദുലിന് ടീമിന്റെ മികച്ച പ്രകടനത്തിനായി കാര്യമായൊന്നും ചെയ്യാനായിരുന്നില്ല.

അതേസമയം റിലീസ് ചെയ്താലും ഷർദുലിനെ ക്യാപിറ്റൽസ് കൈയ്യൊഴിയില്ല എന്നും സൂചനയുണ്ട്. റിലീസ് ചെയ്തശേഷം താരലേലത്തിൽ കുറഞ്ഞ തുകക്ക് ഷർദുലിനെ റാഞ്ചാനാകും ക്യാപിറ്റൽസിന്റെ പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

താക്കൂറിനൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ് ഭരത്, ഇന്ത്യൻ ബാറ്റർ മൻദീപ് സിങ് എന്നിവരേയും ദൽഹി ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്. നായകൻ റിഷഭ് പന്ത് ഉള്ളതിനാൽ പ്ലേയിങ് ഇലവനിൽ കെ.എസ് ഭരതിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

അതുകൊണ്ട് നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായ ഭരതിനും ദൽഹി വിടുന്നതാണ് നല്ലത്. കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനം കാഴ്ച വെച്ചതിനാലാണ് മൻദീപ് സിങ്ങിന് പുറത്തേക്ക് പോകേണ്ടി വരുന്നത്.

ഡിസംബർ 16നാകും ഐ.പി.എൽ ലേലമെന്നാണ് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ബെംഗളൂരുവിലോ തുർക്കിയിലെ ഇസ്താംബൂളിലോ ആകും ഇത്തവണ ലേലം നടക്കുക.

Content Highlights: Delhi capitals releases three players from their squad