ലഖ്‌നൗവിനെ തകർത്ത ആദ്യ ടീം ദൽഹി, ആദ്യ നായകൻ പന്തും; ചരിത്രംക്കുറിച്ച് ക്യാപിറ്റൽസ്
Cricket
ലഖ്‌നൗവിനെ തകർത്ത ആദ്യ ടീം ദൽഹി, ആദ്യ നായകൻ പന്തും; ചരിത്രംക്കുറിച്ച് ക്യാപിറ്റൽസ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th April 2024, 6:05 pm

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പില്‍സിന് ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ആറ് വിക്കറ്റുകള്‍ക്കാണ് ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയത്.

ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാഹുലും സംഘവും ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടീം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപിറ്റല്‍സ് 18.1 ഓവറില്‍ ആറ് വിക്കറ്റ് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഒരു ടീം 160+ റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്നത്.

മത്സരത്തില്‍ ദല്‍ഹി ബാറ്റിങ്ങില്‍ ഓസ്ട്രേലിയന്‍ യുവതാരം ജെക്ക് ഫ്രാസര്‍ മക്ഗര്‍ക്ക് 35 പന്തില്‍ 55 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. രണ്ട് ഫോറുകളും അഞ്ചു സിക്‌സുകളുമാണ് ഓസീസ് താരം നേടിയത്. നായകന്‍ റിഷബ് പന്ത് നാല് ഫോറുകളും രണ്ട് സിക്‌സുകളും ഉള്‍പ്പെടെ 24 പന്തില്‍ 41 റണ്‍സും പ്രിത്വി ഷാ 22 പന്തില്‍ 32 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ലഖ്നൗ ബാറ്റിങ്ങില്‍ ആയുഷ് ബധോനി 35 പന്തില്‍ 55 റണ്‍സും നായകന്‍ കെ.എല്‍. രാഹുല്‍ 22 പന്തില്‍ 39 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ദല്‍ഹി ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും നാല് തോല്‍വിയുമായി നാല് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ദല്‍ഹി. ഏപ്രില്‍ 17ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ദല്‍ഹിയുടെ അടുത്ത മത്സരം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയം ആണ് വേദി.

Content Highlight: Delhi Capitals create a new history in IPL