അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ പ്രതിക്ക് അവകാശമില്ല; ദിലീപിന്റെ ഹരജിയില്‍ ഹൈക്കോടതി
Kerala News
അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ പ്രതിക്ക് അവകാശമില്ല; ദിലീപിന്റെ ഹരജിയില്‍ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st March 2022, 4:25 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ പ്രതിക്ക് അവകാശമില്ലെന്ന് കോടതി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിശദീകരണം. എഫ്.ഐ.ആര്‍ റദ്ദാക്കിയില്ലെങ്കില്‍ കേസ് സി.ബി.ഐക്ക് വിടണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.

അന്വേഷണം മുന്‍വിധിയോടെയാണോ എന്നതില്‍ ഹരജിക്കാര്‍ക്ക് ആശങ്കയുണ്ടാവാം എന്നാല്‍ ആശങ്ക മാത്രം പോരെന്നും സാധൂകരിക്കാന്‍ തെളിവുകള്‍ വേണമെന്നും കോടതി നിരീക്ഷിച്ചു. പക്ഷപാതമോ നിയമത്തിന്റെ ദുരുപയോഗമോ തെളിയിക്കാനായാല്‍ മാത്രമേ പ്രതിക്ക് അന്വേഷണ ഏജന്‍സിയെ മാറ്റുന്നതിന് ആവശ്യപ്പെടാന്‍ കഴിയുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു.

കേസ് സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

തുറന്ന മനസോടെയാണ് അന്വേഷണം നടക്കുന്നത്. നിഷ്പക്ഷ അന്വേഷണമാണ്, അന്വേഷണത്തിലെ കാലതാമസം എഫ്.ഐ.ആര്‍ റദ്ദാക്കാനുള്ള കാരണമല്ല. ഈ സാഹചര്യത്തില്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

ഗൂഢാലോചന നടത്തിയെന്ന കേസ് സി.ബി.ഐക്ക് കൈമാറിക്കൂടെ എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി പരിഗണിക്കവേ ആണ് ഹൈക്കോടതിയുടെ ചോദ്യം.

വെറുതേ പറയുന്നത് വധഗൂഢാലോചന ആകുമോയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു.

Content Highlights: Defendant has no right to choose the investigating agency; High Court on Dileep’s petition