കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയില്‍ ആ പാര്‍ട്ടിയുടെ സ്വാധീനം പിന്നെയുണ്ടാകില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹൂഗ്‌ളിയില്‍ നടത്തിയ പൊതുപരിപാടിക്കിടെയായിരുന്നു മമതയുടെ പരാമര്‍ശം.
‘ഞങ്ങള്‍ ബംഗാളിന്റെ വികസനത്തിനായി പല പദ്ധതികളും ആവിഷ്‌കരിച്ചു. മോദി എന്താണ് ചെയ്തത്? നിങ്ങള്‍ എന്നെ ഇവിടെ കൊന്നു കുഴിച്ചുമൂടിയാലും ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. മുറിവേറ്റ മൃഗമാണ് ഞാന്‍. വളരെ അപകടകാരിയാണ്. കളി തുടങ്ങിയിട്ടേയുള്ളു. ബംഗാളിലെ ജനങ്ങളോട് ഒന്നേ പറയാനുള്ളു. ബി.ജെ.പിയെ ബംഗാളില്‍ പരാജയപ്പെടുത്തിയാല്‍ രാജ്യത്ത് നിന്ന് തന്നെ ആ പാര്‍ട്ടി അപ്രത്യക്ഷമാകുന്നത് നമുക്ക് കാണാം’, മമത പറഞ്ഞു.
ഇതിനിടെ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയില്‍ ഒരു രൂപ കുറച്ച് മമത ബാനര്‍ജി ബി.ജെ.പിയെ വെല്ലുവിളിച്ചിരുന്നു. ഞായറാഴ്ച അര്‍ദ്ധരാത്രിമുതല്‍ നികുതി ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് മമത പറഞ്ഞു.
നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ പാവപ്പെട്ടവരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മമത ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.
അതേസമയം മമതയുടെ ബന്ധു കൂടിയായ അഭിഷേക് ബാനര്‍ജിയുടെ ഭാര്യയ്ക്കെതിരെ സി.ബി.ഐ നോട്ടീസ് അയച്ചതും വാര്‍ത്തയായിരുന്നു. കല്‍ക്കരി അഴിമതികേസിലാണ് അഭിഷേകിന്റെ ഭാര്യ രുചിറ ബാനര്‍ജിയ്‌ക്കെതിരെ സി.ബി.ഐ നടപടിയുമായി രംഗത്തെത്തിയത്.