പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു പുതിയ മുഖം എന്ന ചിത്രം. ദീപൻ സംവിധാനം ചെയ്ത ചിത്രം പൃഥ്വിയുടെ താരപരിവേഷം വലിയ രീതിയിൽ ഉയർത്തിയ ചിത്രം കൂടിയാണ്. പൃഥ്വിക്ക് പുറമേ ബാല, പ്രിയാമണി, നെടുമുടി വേണു, സായി കുമാർ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത് ദീപക് ദേവ് ആയിരുന്നു.
പൃഥ്വിരാജ് പാടിയ പുതിയ മുഖം എന്ന ഗാനം സിനിമയുടെ വിജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് പറയുകയാണ് ദീപക് ദേവ്. ചിത്രത്തിന്റെ കമ്പോസിങ് സമയത്താണ് പൃഥ്വിരാജിനെ കൊണ്ട് പാടിപ്പിക്കാമെന്ന് തോന്നിയതെന്നും ആദ്യം മടിച്ചെങ്കിലും പൃഥ്വി അതിന് തയ്യാറായെന്നും ദീപക് ദേവ് പറയുന്നു. പിന്നീട് പല സിനിമകളിലും അഭിനേതാക്കൾ പാടുന്നത് സാധാരണമായെന്നും ദീപക് ദേവ് പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുതിയ മുഖത്തിലൂടെ പൃഥിരാജിനെയാണ് ആദ്യം പാടിച്ചത്. പൃഥി നല്ലൊരു ഗായകനാണെന്ന് എനിക്ക് തോന്നിയതിനാലാണ്. പുതിയ മുഖം എന്ന സിനിമയോടെയാണ് പൃഥിരാജ് സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരുന്നതും.
താരപദവിയിലേക്കുള്ള കാൽവയ്പ്പായതിനാൽ അഭിനയത്തിനൊപ്പം പാട്ടുകൂടി ഹിറ്റാക്കിയാൽ ഇരട്ടി ഇംപാക്ടുണ്ടാകുമെന്ന് തോന്നി. പുതിയമുഖത്തിൻ്റെ കമ്പോസിങ് നടക്കുന്ന വേളയിൽ പിച്ചവെച്ചനാൾ മുതൽക്കു നീ എന്ന പാട്ട് പൃഥി വെറുതെ പാടി.
അതെനിക്ക് ഇഷ്ടപ്പെട്ടു. ആ നിമിഷം പൃഥിയോട് പാടിയാലോ എന്ന് ചോദിച്ചു. ആദ്യം മടിച്ചെങ്കിലും ശ്രമിച്ചുനോക്കാമെന്ന് പറഞ്ഞു. പൃഥ്വിയുടെ ചേട്ടൻ ഇന്ദ്രജിത്ത് നല്ലൊരു ഗായകനാണ്. പൃഥ്വി പാടി മോശമായാൽ പ്രേക്ഷകർ അത് മറ്റൊരുരീതിയിലെടുക്കും.
പാടിയശേഷം ഇഷ്ടപ്പെട്ടാൽ മാത്രം മുന്നോട്ടുപോകാമെന്ന് ഉറപ്പുകൊടുത്തു. അങ്ങനെ പുതിയമുഖം എന്നു തുടങ്ങുന്ന പാട്ട് പ്യഥി പാടി. ആ പാട്ട് സിനിമയുടെ വിജയത്തിലും അനുകൂല ഘടകമായി. പിന്നീട് പലസിനിമകളിലും അഭിനേതാക്കൾ പാടുന്നത് സാധാരണമായി,’ദീപക് ദേവ് പറയുന്നു.
Content Highlight: Deepak Dev About Puthiya Mugham Song Of Prithviraj