കോട്ടയം: ഫ്രാങ്കോ കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയോട് വിവേചനപരമായാണ് സഭ പെരുമാറുന്നതെന്ന് എം.ജി സര്‍വകലാശാല നിരാഹാര സമരത്തിലൂടെ ശ്രദ്ധ നേടിയ ദീപ പി. മോഹനന്‍. ഫ്രോങ്കോ മുളക്കല്‍ പ്രതിയായ കേസില്‍ കോടതി വിധി വരാനിരിക്കെയാണ് ദീപ പി. മോഹനന്‍ കന്യാസ്ത്രീയെ മഠത്തില്‍ പോയി കണ്ടത്.
കത്തോലിക്കാ സഭ ലജ്ജിക്കേണ്ട സാഹചര്യമാണെന്നും തികച്ചും വിവേചനപരമായ സമീപനമാണ് പീഡനത്തിനിരയായ വ്യക്തിയും അവരെ പിന്തുണച്ച മറ്റ് 5 സഹപ്രവര്‍ത്തകരും അവിടെ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ദീപ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദീപയുടെ പ്രതികരണം.
മഠത്തിലെ മറ്റുള്ളവര്‍ ഇവരോട് സൗഹൃദത്തില്‍ സംസാരിക്കിറില്ലെന്നും പ്രാര്‍ത്ഥനയും ഭക്ഷണവും വെവ്വേറെ ഇടങ്ങളിലാണ് നല്‍കുന്നതെന്നും ദീപ പറയുന്നു.
തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്ന ഈ സ്ത്രീകളെ കേരളീയ പൊതുസമൂഹം ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ടെന്നും ദീപ കൂട്ടിച്ചേര്‍ത്തു.
ബലാല്‍സംഗക്കേസില്‍ വിചാരണക്കോടതി ഇന്ന് വിധി പറയും. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറയുക. ഡിസംബര്‍ 29നാണ് കേസുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും പൂര്‍ത്തിയായത്.
2018 ജൂണിലാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീയുടെ പരാതി കുറവിലങ്ങാട് പൊലിസിനും ജില്ല പൊലിസ് മേധാവിക്കും ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയത്. മഠത്തിലും മറ്റ് വിവിധ സ്ഥലങ്ങളിലും വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ പരാതി.
കഴിഞ്ഞ ദിവസം വട്ടോളി അച്ചനും സി ജെ തങ്കച്ചന്‍ ചേട്ടനുമൊപ്പം ഫ്രാങ്കോ കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ കുറുവിലങ്ങാട് മഠത്തില്‍ പോയി കണ്ടിരുന്നു.
കത്തോലിക്കാ സഭ ലജ്ജിക്കേണ്ട സാഹചര്യം അവിടെ ബോധ്യപ്പെട്ടിട്ടുണ്ട്. എന്തെന്നാല്‍ തികച്ചും വിവേചനപരമായ സമീപനമാണ് പീഡനത്തിനിരയായ വ്യക്തിയും അവരെ പിന്തുണച്ച മറ്റ് 5 സഹപ്രവര്‍ത്തകരും അവിടെ നേരിട്ടുകൊണ്ടിരിക്കുന്നത്.
മഠത്തിലെ മറ്റുള്ളവര്‍ ഇവരോട് സൗഹൃദത്തില്‍ സംസാരിക്കില്ല. മിണ്ടാറില്ല. പ്രാര്‍ത്ഥന വെവ്വേറെ ഇടങ്ങളില്‍. ഇവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കും. മരുന്നിന് പൈസ ചോദിച്ചാല്‍ അത് മദര്‍ നല്‍കും. അല്ലാതെ മഠത്തിലെ ഒരു ആക്ടിവിറ്റിസിനും ഇവരെ പങ്കെടുപ്പിക്കില്ല.
ബലാത്സംഗത്തിന് ഇരയായ ഒരു വ്യക്തിയോട്, അവരെ പിന്തുണച്ചവരോട് ഒരു സഭ പെരുമാറുന്ന രീതിയാണിത്! തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്ന ഈ സ്ത്രീകളെ കേരളീയ പൊതുസമൂഹം മനസ്സിലാക്കേണ്ടതുണ്ട്. ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്.
നാളെ ഫ്രാങ്കോ കേസിലെ വിധി വരികയാണ്. വിധി എന്തുതന്നെയായാലും നീതിക്കുവേണ്ടി പോരാടിയവരെ ഫ്രാങ്കോ അനുകൂലികള്‍ക്ക് കൊത്തിപ്പറിക്കാന്‍ വിട്ട് നല്‍കരുത്…….