ന്യൂദല്‍ഹി: 10 വര്‍ഷത്തിലേറെയായി ഒരു സ്‌കൂളില്‍ ജോലി ചെയ്യുന്ന 5,000 സ്‌കൂള്‍ അധ്യാപകരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു.
ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന ചീഫ് സെക്രട്ടറി നരേഷ് കുമാറിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.
വിഷയത്തില്‍ അധ്യാപക സംഘടനകളില്‍ നിന്നും ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. കഴിഞ്ഞ ദിവസം അധ്യാപക പ്രതിനിധി സംഘം ലഫ്റ്റനന്റ് ഗവര്‍ണറുമായി വിഷയത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ചര്‍ച്ച നടത്തിയിരുന്നു.
അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് നിര്‍ത്തിവെക്കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ ആം ആദ്മി സര്‍ക്കാര്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
സ്ഥലംമാറ്റ ഉത്തരവ് ദല്‍ഹിയിലെ അധ്യാപകരുടെയും ജനങ്ങളുടെയും വിജയമാണെന്ന് എ.എ.പി നേതാവും ദല്‍ഹി വിദ്യാഭ്യാസ മന്ത്രിയുമായ അതിഷി പറഞ്ഞു, അധ്യാപകരെ സ്ഥലം മാറ്റാനുള്ള തീരുമാനം ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിഷി ആരോപിച്ചു.
‘ദല്‍ഹിയിലെ വിദ്യാഭ്യാസ രംഗത്ത് ശക്തമായ മാറ്റങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സംഭവിച്ചു. സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉന്നത നിലവാരം പുലര്‍ത്തി. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ റെക്കോര്‍ഡ് റിസള്‍ട്ട് ഉണ്ടാക്കി. ഇതൊന്നും ബി.ജെ.പിക്ക് ദഹിക്കുന്നതായിരുന്നില്ല.
അതിനാല്‍ ഈ വിദ്യാഭ്യാസ വിപ്ലവം തകര്‍ക്കാന്‍ അധ്യാപകരെ സ്ഥലം മാറ്റാനുള്ള ഗൂഢാലോചന അവര്‍ നടത്തി. ഇന്ന് അവര്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ വഴി ഈ ഉത്തരവ് പിന്‍വലിപ്പിക്കേണ്ടി വന്നതില്‍ എനിക്ക് സന്തോഷമുണ്ട്,’ അതിഷി പറഞ്ഞു.
എന്നാല്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ ബി.ജെ.പി രാഷ്ട്രീയം കാണിക്കുന്നില്ലെന്നും എ.എ.പി വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ത്തെന്നുമായിരുന്നു ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ് പറഞ്ഞത്.
അയ്യായിരത്തോളം സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെ സ്ഥലംമാറ്റി ഉത്തരവിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ മന്ത്രി അതിഷി വിദ്യാഭ്യാസ സെക്രട്ടറിക്കും വിദ്യാഭ്യാസ വകുപ്പിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
നിശ്ചിത സമയത്തിന് ശേഷം അധ്യാപകരെ സ്ഥലം മാറ്റണമെന്ന മാര്‍ഗരേഖ റദ്ദാക്കണമെന്ന് സര്‍ക്കാര്‍ സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഒരേ സ്‌കൂളില്‍ 10 വര്‍ഷത്തിലേറെയായി തുടരുന്ന അധ്യാപകര്‍ക്കായി അടുത്തിടെ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവിനെതിരെ നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
10 വര്‍ഷത്തിലേറെയായി ഒരേ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ സ്ഥലംമാറ്റ നടപടികളില്‍ ക്രമക്കേടുകളുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നിര്‍ബന്ധിത സ്ഥലംമാറ്റം അടിയന്തരമായി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് അതിഷി ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.
Content Highlight: Decision to Transfer 5,000 Delhi Govt Teachers Put on Hold, AAP Says Victory of People