'എന്നെ ബലിയാടാക്കരുത്'; അഭ്യര്‍ഥനയുമായി സ്പീക്കര്‍; കര്‍ണാടക നിയമസഭയില്‍ ചര്‍ച്ച തുടങ്ങി
Karnataka crisis
'എന്നെ ബലിയാടാക്കരുത്'; അഭ്യര്‍ഥനയുമായി സ്പീക്കര്‍; കര്‍ണാടക നിയമസഭയില്‍ ചര്‍ച്ച തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd July 2019, 2:20 pm

ബെംഗളൂരു: കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായുള്ള ചര്‍ച്ച ആരംഭിച്ചു. തന്നെ ബലിയാടാക്കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു സ്പീക്കര്‍ രമേശ് കുമാര്‍ ചര്‍ച്ച ആരംഭിക്കുന്നതായി അറിയിച്ചത്.

വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ചത്തേക്കു നീട്ടിവെയ്ക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും സ്പീക്കര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് ചര്‍ച്ചയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ ഏറെസമയം സംസാരിച്ചു. ആറുമണിക്കു മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സ്പീക്കറുടെ നിര്‍ദേശം. ഇത് വൈകിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

‘ഓപ്പറേഷന്‍ താമര’യ്ക്കു പിന്നില്‍ തങ്ങളാണെന്നു സമ്മതിക്കാന്‍ ബി.ജെ.പി തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ ചര്‍ച്ചയില്‍ ചോദിച്ചു. ‘എന്തുകൊണ്ടാണ് കസേര വേണമെന്ന ആഗ്രഹം ബി.ജെ.പി പുറത്തു പ്രകടിപ്പിക്കാത്തത് ? അവര്‍ വിമത എം.എല്‍.എമാരോട് സംസാരിച്ചെന്ന കാര്യവും അംഗീകരിക്കുന്നില്ല.’- ശിവകുമാര്‍ പറഞ്ഞു.

കുമാരസ്വാമിക്കു പുറമേ വോട്ടെടുപ്പ് നീട്ടിവെയ്ക്കണമെന്ന ആവശ്യം ശിവകുമാറും നേരത്തേ ഉന്നയിച്ചിരുന്നു. എല്ലാ അംഗങ്ങള്‍ക്കും അവസരം നല്‍കി, ചര്‍ച്ച പൂര്‍ത്തിയായ ശേഷം മതി വോട്ടെടുപ്പ് എന്നും സര്‍ക്കാരിന് ഒരു തിടുക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു. അത് സഭയുടെയും എം.എല്‍.എമാരുടെയും സ്പീക്കറായ തന്റെയും പ്രതിച്ഛായയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ നാളെ രാവിലെ 11 മണിക്കു മുമ്പില്‍ ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കുമെന്നു കാണിച്ച് അദ്ദേഹം വിമത എം.എല്‍.എമാര്‍ക്ക് നോട്ടീസ് അയച്ചു.

അതേസമയം വിമതര്‍ നല്‍കിയ ഹര്‍ജി ഇന്നു പരിഗണിക്കാന്‍ സുപ്രീംകോടതി വിസ്സമതിച്ചു. നാളെ ഹര്‍ജി പരിഗണിക്കാന്‍ ശ്രമിക്കാമെന്ന് കോടതി അറിയിച്ചു. സ്വതന്ത്ര എം.എല്‍.എമാരായ നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. കര്‍ണാടകത്തില്‍ കുതിരക്കച്ചവടം നടന്നതു പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷക നല്‍കിയ ഹര്‍ജിയും കോടതി ഇന്നു പരിഗണിച്ചില്ല.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വിശ്വാസം നേടുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം സ്പീക്കറുടെ മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.