മുണ്ടക്കൈ: വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 316 ആയി ഉയർന്നു. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം 295 പേരെ കാണാതായിട്ടുണ്ട്. രാവിലെ പുനരാരംഭിച്ച മുണ്ടക്കൈയിലെ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.
രക്ഷാപ്രവർത്തനത്തിന് വെല്ലു വിളിയായി ഉച്ചക്ക് ശേഷം പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയിൽ തെരച്ചിൽ ദുഷ്കരമായതിനെ തുടർന്നാണ് ഇന്നത്തെ രക്ഷാ പ്രവർത്തനം നിർത്തിയത്. ജീവനോടെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു.
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളിൽ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളിൽ നിന്നുമായി ആകെ 29 വിദ്യാർത്ഥികളെ കാണാതായതായി ഡി.ഡി.ഇ ശശീന്ദ്രവ്യാസ് വി.എ ഉദ്യോഗസ്ഥതല യോഗത്തില്‍ അറിയിച്ചു. രണ്ട് സ്കൂളുകളാണ് ഉരുൾപൊട്ടിയ ഭാഗങ്ങളിലുള്ളത്. ഇതിൽ വെള്ളാർമല സ്കൂളിൽ നിന്ന് 11 കുട്ടികളെ ആണ് കാണാതായത്. കാണാതായ 29 കുട്ടികളിൽ നാല് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ ഡോ. എ കൗശിഗൻ അറിയിച്ചു. അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ പ്രോട്ടോകോൾ തയ്യാറായിട്ടുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥൻ സീരാം സാംബശിവ റാവു അറിയിച്ചു. 129 മൊബൈൽ ഫ്രീസറുകൾ നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.