ഹിന്ദു ഹെല്‍പ് ലൈനിന്റെ കേരളത്തിലെ രഹസ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡൂള്‍ ന്യൂസിന് മുന്നില്‍ വെളിപ്പെടുത്തിയ മുന്‍ നേതാവിന്റെ ജീവന് നേരെ ഭീഷണി.
ഹിന്ദു ഹെല്‍പ് ലൈനിന്റെ രാഷട്രീയ സംഘടനായായ അന്തരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ കേരള ഘടക രൂപീകരണത്തോടനുബന്ധിച്ച് കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ക്കുള്ള ആസൂത്രണങ്ങള്‍ നടന്നുവരുന്നു എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാനമായ വെളിപ്പെടുത്തല്‍.
അതോടൊപ്പം മതപ്രചരണത്തിനായെത്തുന്ന വൈദികര്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിനായി നടത്തിയ ഗൂഢാലോചനകളെക്കുറിച്ചും, ശബരിമല വിവാദത്തെ മുതലെടുത്ത് വര്‍ഗീയ ധ്രുവീകരണവും കലാപങ്ങളും നടത്താന്‍ പദ്ധതികള്‍ രൂപീകരിച്ചതായും, മുസ്ലിം സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്ത് പ്രവര്‍ത്തിക്കാന്‍ സംഘടനയക്കകത്ത് പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായും ഇദ്ദേഹം വെളിപ്പെടുത്തി.
Also Read ഹിന്ദു ഹെല്‍പ് ലൈന്‍ കേരളത്തില്‍ വന്‍ കലാപങ്ങള്‍ക്ക് പദ്ധതിയിടുന്നു; നേതാവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍
തന്റെ ജീവന് ഭീഷണിയുണ്ട് എന്ന് ഇദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നതിനാല്‍, മുഖമോ പേരുവിവരങ്ങളോ വ്യക്തമാക്കാതെയായിരുന്നു ഡൂള്‍ന്യൂസ് ഈ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ സംഘടനയ്ക്കകത്ത് സമീപകാലത്ത് ഇദ്ദേഹം പ്രകടിപ്പിച്ചിരുന്ന എതിര്‍പ്പുകളും വിയോജിപ്പുകളും വഴി ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ ഇയാളെ തിരിച്ചറിഞ്ഞിരിക്കുകയാണ്.
“വാര്‍ത്ത പുറത്തുവന്ന ഉടന്‍ എനിക്ക് പല ഫോണ്‍വിളികളും വന്നിരുന്നു. ഇതില്‍ പലതും ഭീഷണിയായിരുന്നു. ഇതിനിടയില്‍ തന്നെ സംഘടനയുമായി ബന്ധപ്പെട്ട് ഞാന്‍ അംഗമായിരുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നെല്ലാം ഞാന്‍ പുറത്താക്കപ്പെട്ടു. അപ്പോള്‍ തന്നെ എനിക്ക് കാര്യങ്ങള്‍ മനസ്സിലായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ അവര്‍ അവരുടെ രഹസ്യഗ്രൂപ്പുകളില്‍ എന്റെ ഫോട്ടോയടക്കം പ്രചരിപ്പിക്കുകയും എന്നെ കൈകാര്യം ചെയ്യണമെന്ന രീതിയിലുള്ള അക്രമ ആഹ്വാനങ്ങള്‍ നടത്തുകയും ചെയ്തതായായാണ് അറിയാന്‍ കഴിഞ്ഞത്” ഇദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം ഹിന്ദു ഹെല്‍പ് ലൈന്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാലം മുതല്‍ ഇതിന്റെ നേതൃനിരയില്‍ സജീവമായിരുന്നു. ആശയപരമായി നേരത്തെ തന്നെ സഘടനയ്ക്കകത്ത് വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം സമീപകാലത്ത് നടന്ന ചില മീറ്റിംഗുകളിലെ ഗൂഢാലോചനകളും ക്വട്ടേഷന്‍ സംഘങ്ങളുമായി സംഘടനയ്ക്കുള്ള ബന്ധവും മനസ്സിലാക്കിയാണ് പൂര്‍ണമായും എതിര്‍പക്ഷത്തെത്തിയത്.