'ഉക്രൈനിലെ പ്രിയപ്പെട്ട ഇന്ത്യക്കാരേ..': റഷ്യയുടെ ആക്രമണത്തിനിടെ നിര്‍ദേശവുമായി ഇന്ത്യ
World
'ഉക്രൈനിലെ പ്രിയപ്പെട്ട ഇന്ത്യക്കാരേ..': റഷ്യയുടെ ആക്രമണത്തിനിടെ നിര്‍ദേശവുമായി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th February 2022, 1:22 pm

ന്യൂദല്‍ഹി: ഉക്രൈനില്‍ റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ രാജ്യത്ത് താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൗരന്മാര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങളുമായി കീവിലെ ഇന്ത്യന്‍ എംബസി.

റഷ്യ ലക്ഷ്യമിട്ട നഗരങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട നഗരമാണ് കീവ്. കീവിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍, കീവിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി ഭാഗങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ ഉള്‍പ്പെടെ, താല്‍ക്കാലികമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മടങ്ങണമെന്നാണ് നിര്‍ദേശം.

യുക്രൈനിലെ നിലവിലെ സാഹചര്യം തീര്‍ത്തും ആശങ്കയുണ്ടാക്കുന്നതാണെന്നും ഭയപ്പെടാതെ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കണമെന്നുമാണ് ഇന്ത്യന്‍ പൗരന്‍മാരോടായി എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.

വീടുകള്‍, ഹോസ്റ്റലുകള്‍, താമസ സ്ഥലങ്ങള്‍ തുടങ്ങി നിങ്ങള്‍ ഇപ്പോള്‍ എവിടെയോ അവിടെ തന്നെ സുരക്ഷിതരായി തുടരണമെന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെടുന്നു.

യുക്രൈനിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂം 24*7 അടിസ്ഥാനത്തില്‍ പ്രവര്‍ത്തനക്ഷമമാണെന്നും മന്ത്രാലയം അറിയിച്ചു.

യുക്രൈനില്‍ നിലവില്‍ 18000 ത്തോളം ഇന്ത്യക്കാറുണ്ടെന്നാണ് വിലയിരുത്തല്‍. അടിയന്തിര സാഹചര്യത്തെ തുടര്‍ന്ന് യുക്രൈന്‍ വ്യോമാതിര്‍ത്തികള്‍ അടച്ചിട്ടതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.

അതേസമയം മലയാളികള്‍ ഉള്‍പ്പെടെ ഭൂഗര്‍ഭ മെട്രോയിലേക്ക് മാറിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഖര്‍ഖീസ് സര്‍വകലാശയുടെ ഹോസ്റ്റലിന് മുന്നില്‍ സ്‌ഫോടനം നടന്നതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.

ഒഡെസ, ഖാര്‍കിവ്, ക്രാമാറ്റോര്‍സ്‌ക്, മാരിയുപോള്‍ തുടങ്ങിയ ഉക്രൈനിലെ മറ്റ് ഭാഗങ്ങളില്‍ അതിരാവിലെ തന്നെ വ്യോമാക്രണങ്ങള്‍ നടന്നിരുന്നു. ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായിരുന്നു കീവിലേക്ക് ഇന്ത്യയുടെ വിമാനം എത്തിയിരുന്നെങ്കിലും വ്യോമപാത അടച്ചതിനാല്‍ ഇറങ്ങാനാവാതെ ദല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു.

അതേസമയം റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസിഡര്‍ ഇഗോര്‍ പോളികോവ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് ഇന്ത്യ നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. യുക്രൈന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് പറഞ്ഞു.

കിഴക്കന്‍ മേഖലയില്‍ റഷ്യ കനത്ത ഷെല്ലാക്രമണം നടത്തുന്നുവെന്ന് യുക്രൈന്‍ ബോര്‍ഡര്‍ ഗാര്‍ഡ് ഏജന്‍സി അറിയിച്ചിട്ടുണ്ട്. ആറ് നഗരങ്ങളിലെ വ്യോമസേനാ താവളങ്ങളില്‍ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്. യുക്രൈന്റെ സൈനിക കേന്ദ്രങ്ങളും അതിര്‍ത്തിയിലെ പോസ്റ്റുകളും ആക്രമിക്കപ്പെട്ടു. ബെലാറസ് അതിര്‍ത്തി വഴിയും റഷ്യന്‍ ആക്രമണമുണ്ടായെന്നാണ് സൂചന.

അതേസമയം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും പൗരന്മാരെ ഇപ്പോള്‍ ഒഴിപ്പിക്കാനാവില്ലെന്നുമുള്ള നിലപാടിലാണ് അമേരിക്കയുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങള്‍.

ഉക്രൈന്റെ സൈനിക കേന്ദ്രങ്ങളാണ് റഷ്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉക്രൈന്‍ സൈന്യം ആയുധങ്ങള്‍ താഴെ വെച്ച് കീഴടങ്ങണമെന്നും അല്ലാത്തപക്ഷം തിരിച്ചടിയുണ്ടാകുമെന്നും പുടിന്‍ പറഞ്ഞിരുന്നു.

അതേസമയം, ലോകം മുഴുവന്‍ ഒറ്റക്കെട്ടായി റഷ്യയെ എതിര്‍ക്കുമെന്നും ഉക്രൈനെ പിന്തുണക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു ബൈഡന്റെ പ്രതികരണം.

നാറ്റോ ഒറ്റക്കെട്ടായി റഷ്യയെ തിരിച്ചടിക്കുമെന്നും യുദ്ധം കാരണമുണ്ടാകുന്ന എല്ലാ മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണം റഷ്യ മാത്രമായിരിക്കുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Dear Indians In Ukraine…”: Government’s Advisory Amid Russia Attack