ആര്‍ഭാടങ്ങള്‍ ഇല്ലാതെ, ചോദ്യങ്ങള്‍ ബാക്കിയാക്കി ഡിയര്‍ ഫ്രണ്ട് | Dear Friend | ANNA'S VIEW
അന്ന കീർത്തി ജോർജ്

ആര്‍ഭാടങ്ങളില്ലാത്ത, സംവിധാനത്തിലും തിരക്കഥയിലും അഭിനയത്തിലും സുഖകരമായ മിതത്വം പാലിച്ചിട്ടുള്ള സിനിമയാണ് ഡിയര്‍ ഫ്രണ്ട്. സ്ലോ പേസില്‍ നീങ്ങുന്ന ഈ സിനിമ ആകാംക്ഷ നിറച്ച ഇന്‍വെസ്റ്റിഗേറ്റീവ് ട്രാക്കിലേക്ക് പതുക്കെ കയറുന്നുണ്ട്. ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കി അവസാനിക്കുന്ന ഡിയര്‍ ഫ്രണ്ടിന്റെ ക്ലൈമാക്‌സ് സിനിമയിലെ പല സീനുകളെ കുറിച്ചും വീണ്ടും ചിന്തിക്കാന്‍ പ്രേരിപ്പിക്കും. അതേസമയം ഒരു പിടിയും തരാതെ അവസാനിപ്പിച്ചു കളഞ്ഞല്ലോ എന്നൊരു നിരാശക്കും സാധ്യതയുണ്ട്.

ജോലി ചെയ്ത് ജീവിക്കുന്ന, അഡള്‍ട്ട്ഹുഡില്‍ എത്തിനില്‍ക്കുന്ന സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ഡിയര്‍ ഫ്രണ്ട്. സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുന്ന, പാര്‍ട്‌ണേഴ്‌സിനോടൊപ്പം ജീവിക്കാന്‍ ആലോചിച്ച് തുടങ്ങുന്ന ഘട്ടത്തിലെത്തി നില്‍ക്കുന്ന കുറച്ചു പേരിലൂടെയാണ് സിനിമയുടെ കഥ നടക്കുന്നത്.

കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും വളരെ ശ്രദ്ധയോടെയാണ് ഈ സിനിമയ്ക്കായി മേക്ക് ചെയ്‌തെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്ലോട്ടിനെ കുറിച്ച് അധികം പറയാന്‍ കഴിയില്ല, കാരണം ചെറിയ ചെറിയ ട്വിസ്റ്റുകളും ടേണ്‍സുമായാണ് സിനിമ മുന്നോട്ടുപോകുന്നത്.

ഫ്രണ്ട്ഷിപ്പിന്റെ വളരെ പരിചിതമായ, റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഘട്ടങ്ങളിലൂടെയാണ് സിനിമയുടെ തുടക്കം. പിന്നീട് ഒരു ഷിഫ്റ്റ് എടുത്ത് ത്രില്ലര്‍ മോഡിലേക്ക് മാറുന്ന സിനിമ പക്ഷെ, അപ്പോഴും ആ ഫ്രണ്ട്ഷിപ്പിന്റെ ത്രെഡും ട്രീറ്റ്‌മെന്റും വിട്ടുകളയുന്നില്ല. സ്റ്റാര്‍ട്ടപ്പും ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്‌സും ആണ്‍ പെണ്‍ സൗഹൃദങ്ങളും പ്രണയവും ഇഷ്ടവുമെല്ലാം വളരെ ഒഴുക്കോടെ സിനിമയില്‍ കടന്നുവരുന്നുണ്ട്. ഡയലോഗുകളിലും ഈയൊരു സ്വാഭാവികതയുണ്ട്. കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ ചോദിക്കാന്‍ സാധ്യതയുള്ള പല ചെറിയ കാര്യങ്ങളും സംശയങ്ങളും സംഭാഷണങ്ങളില്‍ കേള്‍ക്കാം.

ചിത്രത്തിലെ ചില ഫ്‌ളാഷ്ബാക്കുകള്‍ കടന്നുവരുന്ന രീതിയും അവയിലേക്ക് കടക്കുന്ന എഡിറ്റിങ്ങും മികച്ചുനില്‍ക്കുന്നുണ്ട്. അനാവശ്യമായ ഡയലോഗുകളില്ലാതെയാണ് ഡിയര്‍ ഫ്രണ്ടില്‍ പലതും കമ്യൂണിക്കേറ്റ് ചെയ്യുന്നത്. ഓരോ കഥാപാത്രത്തിന്റെയും ആക്ഷനും അതുവഴിയുണ്ടാകുന്ന കഥാസന്ദര്‍ഭത്തിനും ഈ ആര്‍ഭാടമില്ലാത്തതിന്റെ ഭംഗിയുണ്ട്. സ്പൂണ്‍ ഫീഡ് ചെയ്ത് കാര്യങ്ങള്‍ പറയാതെ പ്രേക്ഷകര്‍ക്ക് ആലോചിക്കാനുള്ള സ്‌പേസ് സിനിമ തരുന്നുണ്ട്.

ഷറഫു, സുഹാസ്, അര്‍ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഇങ്ങനെ കൃത്യമായ പാകത്തില്‍, ചെത്തിമിനുക്കിയെടുത്തിരിക്കുന്ന തിരക്കഥയാണ് ഡിയര്‍ ഫ്രണ്ടിനെ മികച്ച ഒരു സിനിമാനുഭവമാക്കുന്നത്. അതിനെ ഏറ്റവും ഭംഗിയോടെ എക്‌സിക്യൂട്ട് ചെയ്യാന്‍ വിനീത് കുമാറിന്റെ സംവിധാനത്തിന് കഴിയുന്നുണ്ട്. നേരത്തെ പറഞ്ഞ സിനിമയുടെ മൊത്തത്തിലുള്ള മിതത്വത്തിന് കാരണം ഈ സംവിധാന മികവാണ്.

വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെയാണ് സിനിമ നടക്കുന്നത്. അതില്‍ ഓരോരുത്തര്‍ക്കും കൃത്യമായ സ്‌പേസുണ്ട്. ഇവരുടെയൊക്കെ ജീവിതത്തില്‍ സിനിമ തുടങ്ങി അവസാനിക്കുന്നതോടെ നല്ലതാണോ ചീത്തയാണോ നടക്കുന്നതെന്ന് കൃത്യമായി നിര്‍വചിക്കാനാകാത്ത വിധം ചില കാര്യങ്ങള്‍ സംഭവിക്കുകയാണ്. ചിത്രത്തിന്റെ അടിത്തട്ടിലൂടെ നീങ്ങുന്ന ചിന്തയും ഇത് തന്നെയാണ്, നല്ലത് – ചീത്ത എന്നി വരികള്‍ക്ക് അപ്പുറത്ത് നില്‍ക്കുന്ന ചില മനുഷ്യര്‍.

ക്ലൈമാക്‌സില്‍ ഇതിലെ ഒരു കഥാപാത്രത്തോട് വ്യത്യസ്തമായ ചില വികാരമാണ് പല കഥാപാത്രങ്ങള്‍ക്ക് തോന്നുന്നത്. അതിലും അവര്‍ക്ക് പോലും ചില കൃത്യതയില്ലായ്മയും തന്നോട് തന്നെ സംശയങ്ങളും തോന്നുന്നുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും തോന്നുന്ന വികാരങ്ങളെല്ലാം കൂടിച്ചേര്‍ന്ന അവസ്ഥയായിരിക്കും പ്രേക്ഷകര്‍ക്ക്.

ഡിയര്‍ ഫ്രണ്ടിന്റെ ക്ലൈമാക്‌സ് ഒരേസമയം ഇഷ്ടപ്പെടുകയും തിരക്ക് കൂട്ടി അവസാനിപ്പിച്ചതുപോലെ തോന്നിപ്പിക്കുകയും ചെയ്യുന്നുണ്ട്. കുറെ ചോദ്യങ്ങള്‍ ബാക്കിയാക്കി അവസാനിപ്പിച്ചത്, ചിത്രത്തിലെ ഓരോ സീനും റിവൈന്‍ഡ് ചെയ്ത് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. അതേസമയം ഇതിലെ ചില ക്യാരക്ടേഴ്‌സിന് ‘ഞങ്ങള്‍ക്ക് കുറച്ചുകൂടി മറുപടിയും ഉത്തരവും വേണമെന്ന്’ പറയുന്നതുപോലെ പ്രേക്ഷകരും പറഞ്ഞേക്കാം. അങ്ങനെ എല്ലാം പറഞ്ഞിരുന്നെങ്കില്‍, ഇപ്പോഴത്തെ പോലെ ചിന്തിക്കുമായിരുന്നോ എന്നതും ചോദ്യമാണ്.

അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും സ്വാഭാവികത തോന്നിയ പെര്‍ഫോമന്‍സുകളുള്ള സിനിമ കൂടിയാണ് ഡിയര്‍ ഫ്രണ്ട്. ടൊവിനോയുടെ കരിയറിലെ വളരെ ഇന്‍ട്രസ്റ്റിങ്ങായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഇതിലെ വിനോദ്. വളരെ മനോഹരമായി, തന്മയത്വത്തോടെ ടൊവിനോ ഈ കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ട്. വിനോദിന്റെ ഇമോഷന്‍സും അനുഭവങ്ങളും സിനിമയുടെ കഥാഗതിയുമായി ഒരുപാട് ചേര്‍ന്നിരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയാന്‍ സാധിക്കില്ല.

അര്‍ജുന്‍ ലാല്‍ ചെയ്ത അര്‍ജുനും ദര്‍ശന രാജേന്ദ്രന്റെ ജന്നത്തും അര്‍ജുന്‍ രാധാകൃഷ്ണന്റെ ശ്യാം ബേസിലിന്റെ സജിത്തുമാണ് മറ്റു കഥാപാത്രങ്ങള്‍. പടയിലെ കളക്ടറായി എത്തിയ അര്‍ജുന്‍ ഈ സിനിമയിലും നല്ല പെര്‍ഫോമന്‍സാണ് നല്‍കിയിരിക്കുന്നത്. ദര്‍ശന രാജേന്ദ്രനും ജന്നത്തിനെ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. സജിത്ത് ബേസിലിലെ നടനെ അത്യാവശ്യം നന്നായി ഉപയോഗപ്പെടുത്തിയിട്ടുള്ള കഥാപാത്രമാണ്.

ഒരു ഗ്യാപ്പിന് ശേഷം തിരിച്ചുവരവ് നടത്തിയ അര്‍ജുന്‍ ലാലും തന്റെ ഭാഗങ്ങള്‍ മികച്ചതാക്കുന്നുണ്ട്. രണ്ടേ രണ്ടു സീനില്‍ മാത്രമുള്ള ജാഫര്‍ ഇടുക്കി സ്‌ക്രീന്‍ പ്രെസന്‍സ് കൊണ്ട് ഗംഭീരമാക്കുന്നുണ്ട്. ഒരു സാഹചര്യത്തെ ഇവര്‍ ഓരോരുത്തരും നേരിടുന്ന രീതികളിലെ വ്യത്യസ്തത ചെറിയ ചില റിയാക്ഷന്‍സിലൂടെ വ്യക്തമാകുന്നുണ്ട്.

ഷൈജു ഖാലിദിന്റെ ക്യാമറയും ജസ്റ്റിന്‍ വര്‍ഗീസിന്റെ മ്യൂസികും ദീപു തോമസിന്റെ എഡിറ്റും സിനിമയുടെ ഒഴുക്കിനെ ഏറ്റവും നന്നായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ആവശ്യ സമയത്ത് മാത്രം കടന്നുവരുന്ന പശ്ചാത്തല സംഗീതവും, ഒരു പരസ്യ ജിംഗിളിനെ ഉപയോഗിച്ചിരിക്കുന്നതും സിനിമയിലെ ഇമോഷണല്‍ കണക്ഷനെ നിലനിര്‍ത്താന്‍ സഹായിക്കുന്നതായിരുന്നു.

ചതിക്കപ്പെടുക എന്നതിന്റെ വിവിധ തലങ്ങള്‍, അതിന്റെ ബാധ്യതകള്‍, തുടര്‍ച്ചകള്‍, ആഘാതങ്ങള്‍ എന്നിവയെ തുറന്ന കണ്ണുകളോടെ സമീപിക്കുക കൂടി ചെയ്തിട്ടുള്ള സിനിമയാണ് ഡിയര്‍ ഫ്രണ്ട്.

Content Highlight : Dear Friend Movie Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.