Kerala
എം.എം. മണി നടത്തിയത് തെറിയഭിഷേകം, നാടൻ പ്രയോ​ഗമായി കരുതാനാകില്ല; മറുപടിയുമായി ഡീൻ കുര്യാക്കോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 19, 04:34 am
Tuesday, 19th March 2024, 10:04 am

ഇടുക്കി: ഇടുക്കിയിൽ എ.എം. മണി നടത്തിയ അധിക്ഷേപ പ്രസം​ഗത്തിന് മറുപടിയുമായി കോൺ​ഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ്. എം.എം. മണി നടത്തിയത് തെറിയഭിഷേകമാണെന്നും അത് നാടൻ പ്രയോ​ഗമായി കാണാൻ സാധിക്കില്ലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

നേരത്തെയും തനിക്കെതിരെ അദ്ദേഹം ഇത്തരത്തിലുള്ള പദപ്രയോ​ഗങ്ങൾ നടത്തിയിട്ടുണ്ട്. ഇങ്ങനെ ചെയ്യാനായി ലൈസൻസ് കിട്ടിയിട്ടുണ്ട് എന്ന തെറ്റിദ്ധാരണയിലാണ് എം.എം. മണി. തെറിക്കുത്തരം മുറിപ്പത്തൽ ആണെന്നാണ് സി.പി.ഐ.എം ആ​ഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ല, ഡീൻ കുര്യാക്കോസ് പറഞ്ഞു.

ഇടുക്കിയില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് മണിയുടെ വിവാദ പ്രസ്താവന. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഷണ്ഡനാണ് ഡീന്‍ കുര്യാക്കോസെന്നാണ് എന്ന് മണി ആക്ഷേപിച്ചത്. ഷണ്ഡന്‍മാരെ വിജയിപ്പിച്ചാല്‍ അനുഭവിക്കേണ്ടി വരുമെന്നും മുന്‍ എം.പി പി.ജെ. കുര്യന്‍ പെണ്ണ് പിടിയനായിരുന്നെന്നും മണി പറഞ്ഞിരുന്നു.

‘ബ്യൂട്ടി പാര്‍ലറില്‍ കയറി പൗഡറും പൂശി വീണ്ടും ഒലത്താമെന്ന് പറഞ്ഞ് വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് വേണ്ടി കെട്ടിവെച്ച കാശ് പോലും തിരിച്ച് കിട്ടില്ല. ഡീനിന് മുമ്പ് ഉണ്ടായിരുന്ന പി.ജെ. കുര്യന്‍ പെണ്ണ് പിടിയനാണ്. വിദേശികളെ ചുമക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ഇടുക്കിക്കാര്‍ക്ക് ഉള്ളത്. ആകെ സ്വദേശിയായി ഉള്ളത് ജോയ്‌സ് ജോര്‍ജ് മാത്രമാണ്,’ എം.എം. മണി പറഞ്ഞു.

പാര്‍ലമെന്റില്‍ കേരളത്തിന് വേണ്ടി ഇരുവരും ഒന്നും ശബ്ദിച്ചിട്ടില്ലെന്നും മണി കുറ്റപ്പെടുത്തി. വീണ്ടും ഷണ്ഡന്‍മാരെ വിജയിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും നീതി ബോധം ഉള്ളവരാണെങ്കില്‍ കെട്ടിവെച്ച കാശ് തിരിച്ച് നല്‍കരുതെന്നും മണി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തി അധിക്ഷേപം ഉള്‍പ്പടെ ഉണ്ടാകാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി താക്കീത് ചെയ്തതിനിടെയാണ് എം.എം. മണി വിവാദ പ്രസംഗവുമായി രംഗത്തെത്തിയത്.

Content Highlight: dean kuriakose react against mm manis abuse statement