IPL
ദേശീയ ടീമിനെ ഉപേക്ഷിച്ച് ഐ.പി.എല്‍ കളിക്കാന്‍ പോയതല്ലേ, നിങ്ങളുടെ കരിയര്‍ തീര്‍ന്നു; ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരങ്ങളെ കുറിച്ച് ടീം ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Apr 12, 07:25 am
Tuesday, 12th April 2022, 12:55 pm

ഐ.പി.എല്ലില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത പ്രസ്താവനയുമായി ദക്ഷിണാഫ്രിക്കന്‍ സ്‌കിപ്പര്‍ ഡീന്‍ എല്‍ഗര്‍.

വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ദേശീയ ടീമിന് വേണ്ടി കളിക്കുന്നതിന് പകരം ഐ.പി.എല്‍ പോലെ കാശെറിയുന്ന ഒരു ടൂര്‍ണമെന്റില്‍ കളിക്കാന്‍ പോയതാണ് എല്‍ഗറിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ പേസ് സെന്‍സേഷന്‍ കഗീസോ റബാദ, മാര്‍കോ ജെന്‍സന്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ട്‌ജെ, വാന്‍ ഡെര്‍ ഡുസെന്‍, എയ്ഡന്‍ മര്‍ക്രം തുടങ്ങിയ താരങ്ങളാണ് ടെസ്റ്റ് ഉപേക്ഷിച്ച് ഐ.പി.എല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളത്തിലിറങ്ങിയിരിക്കുന്നത്.

കഗീസോ റബാദ

 

ആന്റിച്ച് നോര്‍ട്‌ജെ

എന്നാല്‍ റബാദയടക്കമുള്ള താരങ്ങള്‍ ദേശീയ ടീമിനേക്കാള്‍ പ്രധാന്യം ഐ.പി.എല്ലിന് കല്‍പിക്കുകയായിരുന്നു.

‘ഇവരെ ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കുമോ എന്ന കാര്യം സംശയമാണ്. ഇതൊന്നും എന്റെ കയ്യിലല്ല,’ വാര്‍ത്താ സമ്മേളനത്തിനിടെ എല്‍ഗര്‍ പറഞ്ഞു.

അതേസമയം, ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ഐ.പി.എല്‍ കളിക്കാനായി വിട്ടുനല്‍കാമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയും (സി.എസ്.എ)യും ബി.സി.സി.ഐയുമായി കരാറിലെത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. അതിനാല്‍ സി.എസ്.എ ശക്തമായ നടപടികളിലേക്ക് പോവാന്‍ സാധ്യതയില്ല എന്നാണ് കരുതുന്നത്.

കഗീസോ റബാദ പഞ്ചാബ് കിംഗ്‌സിന്റെ താരമാണ്. 9.25 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്‌സ് താരത്തെ സ്വന്തമാക്കിയത്.

മാര്‍കോ ജെന്‍സനും യെ്ഡന്‍ മര്‍ക്രമും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ട്‌ജെ എന്നിവര്‍ ദല്‍ഹി ക്യാപിറ്റല്‍സിനും വേണ്ടിയാണ് കളിക്കുന്നത്.

മലയാളി താരം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് 2022 മെഗാലേലത്തില്‍ വാന്‍ ഡെര്‍ ഡുസെനെ സ്വന്തമാക്കിയത്.

Content highlight:  Dean Elgar makes a big statement on South African players who skipped the Test series for IPL