ഇംഗ്ലണ്ട് – ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ലങ്കക്ക് മുമ്പില്‍ 483 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തി ആതിഥേയര്‍. രണ്ടാം ഇന്നിങ്സില്‍ 251 റണ്‍സാണ് ത്രീ ലയണ്‍സ് നേടിയത്. സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്.
121 പന്ത് നേരിട്ട് 103 റണ്‍സാണ് റൂട്ട് രണ്ടാം ഇന്നിങ്സില്‍ നേടിയത്. പത്ത് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് റൂട്ട് തന്റെ 34ാം അന്താരാഷ്ട്ര റെഡ് ബോള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ ഇംഗ്ലണ്ട് താരമെന്ന റെക്കോഡ് നേടാനും റൂട്ടിന് സാധിച്ചു.
ഇതോടെ മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ് റൂട്ടിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു. 145 ടെസ്റ്റുകളില്‍ നിന്ന് 12377 റണ്‍സ് നേടിയ റൂട്ടിന് 200 ടെസ്റ്റുകളില്‍ നിന്ന് 15921 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ അവസരമുണ്ടെന്നാണ് ലോയ്ഡ് പറഞ്ഞത്.
‘ജോ റൂട്ടിന്റെ ഗംഭീരമായ സെഞ്ച്വറിയായിരുന്നു അത്. ജോ ഇംഗ്ലണ്ടിന് വേണ്ടി ധാരാളം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നുണ്ട്, അവന്‍ തന്റെ കഴിവുകളുമായി മുന്നോട്ട് പോകുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 15921 റണ്‍സിന്റെ ലോക റെക്കോര്‍ഡ് മറികടക്കാനുള്ള അവസരമുണ്ട്,’ ലോയ്ഡ് ഡെയ്ലി മെയിലിന്റെ ഒരു കോളത്തില്‍ എഴുതി.
ഈ സെഞ്ച്വറിക്ക് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാമനായി ഇടം നേടാനും റൂട്ടിന് സാധിച്ചു. ഇതിഹാസ താരങ്ങളായ ബ്രയാന്‍ ലാറ, സുനില്‍ ഗവാസ്‌കര്‍, മഹേല ജയവര്‍ധനെ എന്നിവര്‍ക്കൊപ്പം ആറാം സ്ഥാനം പങ്കിടാനാണ് താരത്തിന് കഴിഞ്ഞത്.
Content Highlight: David Lloyd Talking About Joe Root