ന്യൂദല്‍ഹി: വ്യക്തിഗത ഡിജിറ്റല്‍ ഡേറ്റ സംരക്ഷണ ബില്ലില്‍ ലിംഗഭേദമില്ലാതെ എല്ലാവരെയും അഭിസംബോധന ചെയ്യാനായി ഉപയോഗിക്കുക സ്ത്രീലിംഗ പദങ്ങള്‍. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു നിയമത്തില്‍ എല്ലാവരെയും അഭിസംബോധന ചെയ്യാനായി സ്ത്രീലിംഗ പദങ്ങള്‍ ഉപയോഗിക്കുന്നത്. ബില്ലില്‍ ‘ഷി’ (അവള്‍) ‘ഹെര്‍'(അവളുടെ) എന്നീ പദങ്ങളാണ് ഉപയോഗിക്കുക.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വ്യക്തിഗത ഡിജിറ്റല്‍ ഡേറ്റ സംരക്ഷണ ബില്ലിന് അംഗീകാരം നല്‍കിയത്. വരുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഡാറ്റ ലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും 500 കോടി രൂപ പിഴയീടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
2019 ഡിസംബറിലായിരുന്നു വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം എന്ന പേരില്‍ ബില്‍ ആദ്യം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ വിവിധ ഏജന്‍സികളില്‍ നിന്നുള്ള അഭിപ്രായത്തെ തുടര്‍ന്ന് ബില്‍ പിന്‍വലിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം നവംബറിലാണ് വ്യക്തിഗത ഡിജിറ്റല്‍ ഡാറ്റ സംരക്ഷണ ബില്‍ എന്ന പേരില്‍ ബില്ലിന്റെ കരട് അവതരിപ്പിച്ചത്. പൊതുജനങ്ങളില്‍ നിന്നും 21,666 നിര്‍ദേശങ്ങള്‍ ലഭിക്കുകയും 46 സംഘടനകളില്‍ നിന്നും അഭിപ്രായം തേടുകയും ചെയ്തതിന് ശേഷമായിരുന്നു രണ്ടാമത്തെ കരട് തയ്യാറാക്കുകയും മന്ത്രിസഭ ചര്‍ച്ച ചെയ്യുകയും ചെയ്തത്.
ഇന്ത്യയിലെ വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബില്ലിന് ചില അധികാരപരിധി ഉണ്ട്. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ശേഖരിക്കുന്ന ഡാറ്റകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യക്ക് പുറത്തുള്ളവരുടെ ഡാറ്റകളും പ്രോസസ് ചെയ്യാന്‍ ബില്ലിന് സാധിക്കും. പുതിയ ബില്‍ പ്രകാരം, വ്യക്തിയുടെ സമ്മതത്തോടെ നിയമപരമായ കാര്യങ്ങള്‍ക്ക് മാത്രമേ വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യാന്‍ സാധിക്കൂ. വിവരങ്ങള്‍ ശേഖരിക്കുവാനുള്ള അവകാശം ഉള്‍പ്പെടെ ബില്‍ വ്യക്തികള്‍ക്ക് ചില അവകാശങ്ങളും നല്‍കുന്നുണ്ട്.
Content Highlight: Data protection bill will use feminine terms