'സെഞ്ച്വറി' നേട്ടത്തിൽ ശ്രീലങ്കൻ താരം! ടി-20 ചരിത്രത്തിലെ ആദ്യ താരം; ചരിത്രമെഴുതി ലങ്കൻ സിംഹം
Cricket
'സെഞ്ച്വറി' നേട്ടത്തിൽ ശ്രീലങ്കൻ താരം! ടി-20 ചരിത്രത്തിലെ ആദ്യ താരം; ചരിത്രമെഴുതി ലങ്കൻ സിംഹം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th June 2024, 8:00 am

ഐ.സി.സി ടി-20 ലോകകപ്പില്‍ ശ്രീലങ്ക നെതര്‍ലാന്‍ഡ്‌സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബ്യൂസെജൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലാന്‍ഡ്‌സ് നായകന്‍ സ്‌കോട് എഡ്വേര്‍ഡ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ശ്രീലങ്കയ്ക്കായി കളത്തിലിറങ്ങിയതോടുകൂടി ദാസുൻ ഷനക ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്. ശ്രീലങ്കക്കായി ടി-20യില്‍ നൂറു മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം എന്ന നേട്ടത്തിലേക്കാണ് ദാസുൻ ഷനക നടന്നു കയറിയത്.

29 പന്തില്‍ 46 റണ്‍സ് നേടി കുശാല്‍ മെന്‍ഡീസും 21 പന്തില്‍ 46 റണ്‍സ് നേടി ചരിത് അസലങ്കയും മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളാണ് മെന്‍ഡീസിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അഞ്ച് കൂറ്റന്‍ സിക്‌സുകളും ഒരു ഫോറുമാണ് അസലങ്ക നേടിയത്.

26 പന്തില്‍ 34 റണ്‍സ് നേടി ധനഞ്ജയ ഡി സില്‍വയും നിര്‍ണായകമായി.

നെതര്‍ലാന്‍ഡ്സ് ബൗളിങ്ങില്‍ ലോഗന്‍ വാന്‍ ബിക്ക് രണ്ട് വിക്കറ്റും വിവിയന്‍ കിംഗ, ആര്യന്‍ ദത്ത്, പോള്‍വാന്‍ ഭീകരന്‍, ടിം പ്രിഗിള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അതേസമയം ഗ്രൂപ്പ് ഡി യിൽ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ടു തോൽവിയടക്കം ഒരു പോയിന്റോടെ അവസാന സ്ഥാനത്താണ് ശ്രീലങ്ക. ഇതിനോടകം തന്നെ ശ്രീലങ്ക ലോകകപ്പിൽ നിന്നും പുറത്തായിരുന്നു. മറുഭാഗത്ത് മൂന്നു മത്സരങ്ങളിൽ നിന്നും ഒരു വിജയം രണ്ടു തോൽവിയും അടക്കം രണ്ട് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഓറഞ്ച് പട.

 

Content Highlight:  Dasun Shanaka Complete 100 Matches For Srilanka in T20