ആ സീനില്‍ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്, പിന്നെ ചര്‍ച്ചയില്ലല്ലോ; ഇന്റിമേറ്റ് സീനിനെ കുറിച്ച് ദര്‍ശന
Entertainment
ആ സീനില്‍ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്, പിന്നെ ചര്‍ച്ചയില്ലല്ലോ; ഇന്റിമേറ്റ് സീനിനെ കുറിച്ച് ദര്‍ശന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th June 2024, 1:37 pm

ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് ദർശന രാജേന്ദ്രൻ. ഹൃദയം, ജയ ജയ ജയ ഹേ, തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ സ്വീകാര്യത നേടിയ ദർശനയുടെ വേറിട്ട ഒരു ചലച്ചിത്രമായിരുന്നു ആണും പെണ്ണും എന്ന ആന്തോളജി ചിത്രം.

ചിത്രത്തിൽ ദർശനയും റോഷൻ മാത്യുവും അവതരിപ്പിച്ച ഭാഗം ആഷിഖ് അബുവായിരുന്നു സംവിധാനം ചെയ്തത്. ചിത്രത്തിലെ ഇരുവരുടെയും ഇന്റിമേറ്റ് സീൻ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ചിത്രത്തിൽ മറ്റെല്ലാ സീനുകളെ പോലെ തന്നെയാണ് താൻ ആ രംഗത്തെ സമീപിച്ചതെന്നും ആദ്യം ആ ചെറുകഥ വായിക്കാനാണ് തന്നോട് പറഞ്ഞതെന്നും ദർശന പറയുന്നു.

കഥ വായിച്ചപ്പോൾ തന്നെ സിനിമ ചെയ്യണമെന്ന് തനിക്ക് തോന്നിയെന്നും കഥാപാത്രം കടന്ന് പോവുന്ന സാഹചര്യം അങ്ങനെയാണെങ്കിൽ തനിക്ക് തുണി വേണമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ദർശന പറഞ്ഞു. ദി നെക്സ്റ്റ് 14 മിനിറ്റ്സ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.

‘ആണും പെണ്ണും എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി ഒരു ഇന്റിമേറ്റ് സീൻ ചെയ്യുന്നത്. എങ്ങനെയാണ് ഷൂട്ട്‌ ചെയ്യുന്നത് എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. ഷോട്ട് സ്റ്റോറി വായിക്ക് എന്നിട്ട് വിളിക്ക് എന്നായിരുന്നു ആഷിഖ് ചേട്ടൻ പറഞ്ഞത്. ഷോർട്ട് സ്റ്റോറി വായിച്ചപ്പോൾ നല്ല രസമുള്ള ഒരു കഥ എന്നാണ് തോന്നിയത്. എനിക്ക് എന്തായാലും ചെയ്യണം എന്നാണ് തോന്നിയത്. എനിക്ക് വേറേ ചോദ്യങ്ങൾ ഒന്നുമില്ലായിരുന്നു.

ആഷിഖ് ഏട്ടൻ എന്ന സംവിധായകനിലും ഷൈജുക്കയെന്ന സിനിമട്ടോഗ്രാഫറിലും റോഷൻ എന്ന എന്റെ കോ ആക്ടറിലും എനിക്ക് വലിയ വിശ്വാസമായിരുന്നു. മൂന്ന് പേരെയും ഞാൻ അത്രയും റെസ്‌പെക്ട് ചെയ്യുന്നുണ്ട്. അത്രയും സേഫ് ആയിട്ട് തോന്നുന്ന ആൾക്കാരാണ്.

അതുകൊണ്ട് തന്നെ എനിക്ക് അങ്ങനെയുള്ള ചോദ്യങ്ങൾ ഇല്ലായിരുന്നു. ആ സിനിമയിലെ ബാക്കി സീനുകൾക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ തന്നെയാണ് ആ ഒരു സീനിന് വേണ്ടിയും ഞാൻ നടത്തിയിട്ടുള്ളൂ. ആ സിനിമയെ ഞാൻ അങ്ങനെ തന്നെയാണ് ട്രീറ്റ്‌ ചെയ്തത്. ഞങ്ങൾ കോളേജിൽ ഇരുന്ന് സംസാരിക്കുന്ന സീൻ ഷൂട്ട്‌ ചെയ്ത പോലെ തന്നെയാണ് ആ ഇന്റിമേറ്റ് സീനും എടുത്തത്.

അത് ഹ്യൂമൻ നേച്വറിന്റെ ഭാഗമാണ്. അത് വലിയൊരു സംഭവം ആക്കേണ്ട ആവശ്യമില്ല. എന്റെ ശരീരവും എന്റെ ശബ്‌ദവുമെല്ലാം എന്റെ ടൂൾ മാത്രമാണ് എന്നാണ് ഞാൻ കരുതുന്നത്. ആ ചിന്ത എനിക്ക് നാടകത്തിൽ നിന്ന് കിട്ടിയതാണ്. അത് എന്തൊക്കെ രീതിയിൽ യൂസ് ചെയ്യാൻ പറ്റും അങ്ങനെയെല്ലാം ഞാൻ ഉപയോഗിക്കും.

എന്റെ ചിന്തയിൽ ആ കഥാപാത്രം മാത്രമേയുള്ളൂ. കഥാപാത്രം ആ സമയത്ത് ഈ സിറ്റുവേഷനിലൂടെയാണ് പോവുന്നത്. അപ്പോൾ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല. സീനിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്. അതിലൊരു ചർച്ചയില്ലല്ലോ. മറ്റെല്ലാ സീനുകളും പോലെ തന്നെയായിരുന്നു ആ ഭാഗവും,’ ദർശന പറയുന്നു.

 

 

Content Highlight: Darshana Rajendran Talk About  Scene In Anum Pennum  Movie