World News
നോര്‍വേയില്‍ അമ്പും വില്ലുമുപയോഗിച്ചുള്ള ആക്രമണത്തില്‍ അഞ്ച് മരണം; ഡെന്‍മാര്‍ക്ക് പൗരന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 14, 06:26 am
Thursday, 14th October 2021, 11:56 am

ഓസ്‌ലോ: നോര്‍വേയില്‍ ഡെന്‍മാര്‍ക്ക് പൗരന്‍ അഞ്ച് പേരെ അമ്പും വില്ലുമുപയോഗിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. നോര്‍വേ നഗരമായ കോംഗ്‌സ്ബര്‍ഗിലാണ് മുപ്പത്തിയേഴുകാരനായ ഡാനിഷ് യുവാവ് അമ്പും വില്ലുമുപയോഗിച്ചുള്ള ആക്രമണത്തിലൂടെ അഞ്ച് പേരെ കൊന്നത്.

ബുധനാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു.

സംഭവസ്ഥലത്ത് നിന്നുള്ള ചുമരുകളില്‍ നിന്നും അമ്പുകള്‍ ലഭിച്ചിട്ടുണ്ട്.

നോര്‍വേ തലസ്ഥാനമായ ഓസ്‌ലോയില്‍ നിന്നും 68 കിലോമീറ്റര്‍ അകലെയാണ് കോംഗ്‌സ്ബര്‍ഗ് നഗരം. ഇവിടെ വിവിധ സ്ഥലങ്ങളിലായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

യുവാവ് ഒറ്റക്കായിരുന്നു ആക്രമണം നടത്തിയതെന്നും പൊലീസ് പറയുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡെന്‍മാര്‍ക്ക് പൗരനാണെന്ന് തിരിച്ചറിഞ്ഞെങ്കിലും യുവാവിനെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

മറ്റ് ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണോ ആക്രമണമെന്നും അന്വേഷിക്കുന്നുണ്ടെന്ന് നോര്‍വേ പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Danish man killed five in bow and arrow attack in Norway