Film News
ലക്കി സിങ്ങിനൊപ്പം ചുവട് വെച്ച് ഹണി റോസും വൈശാഖും; ഗൂം ഗൂം സെറ്റിലെ വീഡിയോ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 22, 06:25 pm
Saturday, 22nd October 2022, 11:55 pm

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ കഴിഞ്ഞ ഒക്ടോബര്‍ 21നാണ് റിലീസ് ചെയ്തത്. ലക്കി സിങ് എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തിയത്.

റിലീസിന് തൊട്ടുമുമ്പ് പുറത്ത് വന്ന ഗൂം ഗൂം എന്ന പാട്ട് ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ തകര്‍ത്താടിയ ഈ പാട്ടിന്റെ ലൊക്കേഷന്‍ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. സെറ്റില്‍ മോഹന്‍ലാലിനൊപ്പം സംവിധായകന്‍ വൈശാഖ്, ഹണി റോസ്, സുദേവ് നായര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡാന്‍സ് കളിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്ററാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ഉദയ് കൃഷ്ണ തിരക്കഥയെഴുതിയ ചിത്രം ഭാമിനി എന്ന യുവതിയുടെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. ലക്കി സിങ് എന്നൊരു അപരിചിതന്‍ എത്തുന്നതോടെ ഭാമിനിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ ഹണി റോസ്, ലെന, ലക്ഷ്മി മഞ്ജു, സിദ്ധിഖ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

സ്റ്റണ്ട് സില്‍വയാണ് സംഘട്ടനസംവിധാനം. ഛായാഗ്രഹണം -സതീഷ് കുറുപ്പ്, സംഗീത സംവിധാനം -ദീപക് ദേവ്, എഡിറ്റിങ് -ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം -സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് -ബെന്നറ്റ് എം. വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് -അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് -ആനന്ദ് രാജേന്ദ്രന്‍.

Content Highlight: dance video of mohanlal, vaisakh and honey rose from the set of monster