സൂക്ഷിച്ചോ... മെസിയുടെ കഥയിലെ വില്ലന്‍മാരാകാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു; മുന്നറിയിപ്പുമായി കോച്ച്
Sports News
സൂക്ഷിച്ചോ... മെസിയുടെ കഥയിലെ വില്ലന്‍മാരാകാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു; മുന്നറിയിപ്പുമായി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 5th August 2023, 8:34 pm

അമേരിക്കന്‍ മണ്ണില്‍ ഗോളടിച്ചും അടിപ്പിച്ചും മെസി തന്റെ ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ കളിച്ച മൂന്ന് മത്സരത്തിലും മെസിയുടെ കാലില്‍ നിന്നും ഗോള്‍ പിറന്നിരുന്നു.

ഇന്റര്‍ മയാമിയിലെ ആദ്യ മത്സരത്തില്‍ ക്രൂസ് അസൂളിനെതിരെ നേടിയ ഫ്രീ കിക്ക് ഗോളും അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെയും ഓര്‍ലാന്‍ഡോ സിറ്റിക്കെതിരെയും നേടിയ ഇരട്ട ഗോളുമായി മെസി ഹെറോണ്‍സിനെ മുമ്പോട്ട് നയിക്കുകയാണ്.

ലീഗ്‌സ് കപ്പിലാണ് മെസി ഈ ഗോളുകളെല്ലാം അടിച്ചുകൂട്ടിയത്. ലീഗ്‌സ് കപ്പിന്റെ റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ എം.എല്‍.എസ്സിലെ വെസ്‌റ്റേണ്‍ കോണ്‍ഫെറന്‍സ് ടീമായ എഫ്.സി ഡാല്ലസിനെയാണ് മെസിക്കും സംഘത്തിനും ഇനി നേരിടാനുള്ളത്.

മത്സരത്തിന് മുമ്പ് ടീമിനെ കുറിച്ചും മെസിയെ തളയ്ക്കാനുള്ള തന്ത്രങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ഡാല്ലസ് ടീമിന്റെ പരിശീലകനായ നിക്കോളാസ് എസ്റ്റീവ്‌സ്. മെസിയെയും സംഘത്തെയും തോല്‍പിക്കാന്‍ തങ്ങളാല്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഇന്റര്‍ മയാമി തന്നെയാണ് ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെന്ന കാര്യം താന്‍ അംഗീകരിക്കുന്നുവെന്നും എ.എസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘പെപ് ഗ്വാര്‍ഡിയോള ഇതിനോടകം തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. മെസിയുള്ള ടീം ഏതാണോ, അവരാണ് ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍. എന്നാല്‍ മെസിയുടെ മേജര്‍ ലീഗ് സോക്കര്‍ അധ്യായത്തിലെ വില്ലന്‍മാരാകാന്‍ ഞങ്ങള്‍ പരിശ്രമിക്കുകയാണ്,’ നിക്കോളാസ് എസ്റ്റീവ്‌സ് പറഞ്ഞു.

മൂന്ന് മത്സരത്തില്‍ നിന്നും അഞ്ച് ഗോളും ഒരു അസിസ്റ്റുമാണ് മെസി പി.എസ്.ജിയില്‍ സ്വന്തമാക്കിയത്. മെസി ഇതേ പ്രകടനം തുടരുകയാണെങ്കില്‍ വൈകാതെ തന്നെ ഹെറോണ്‍സിന്റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനാകാന്‍ സാധിക്കുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അരങ്ങേറ്റ മത്സരത്തില്‍ ഒരു ഗോളും ബാക്കി രണ്ട് മത്സരങ്ങളിലും ഇരട്ട ഗോളുകളും വലയിലെത്തിച്ച മെസിക്ക് ഇനി 24 ഗോള്‍ നേടിയാല്‍ മയാമിയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാകാന്‍ സാധിക്കും.

നിലവില്‍ അര്‍ജന്റൈന്‍ ദേശീയ ടീമില്‍ മെസിയുടെ സഹതാരമായിരുന്ന ഗോണ്‍സാലോ ഹിഗ്വെയ്നാണ് മയാമിയുടെ ടോപ്പ് ഗോള്‍ സ്‌കോറര്‍. യുവന്റസില്‍ നിന്ന് മയാമിയിലെത്തി മൂന്ന് സീസണുകള്‍ ക്ലബ്ബില്‍ ചെലവഴിച്ച ഹിഗ്വെയ്ന്‍ 29 ഗോളുകളാണ് അക്കൗണ്ടിലാക്കിയിട്ടുള്ളത്.

അടുത്ത ഏതാനും മത്സരങ്ങളില്‍ നിന്ന് തന്നെ ഹിഗ്വെയ്നെ മറികടക്കാന്‍ മെസിക്ക് സാധിക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്.

അതേസമയം, ആഗസ്റ്റ് ഏഴ്, തിങ്കളാഴ്ചയാണ് ഇന്റര്‍ മയാമി – ഡാല്ലസ് എഫ്.സി മത്സരം. ഡാല്ലസിന്റെ ഹോം ഗ്രൗണ്ടായ ടെക്‌സസിലെ ടൊയോട്ട സ്‌റ്റേഡിയമാണ് വേദി. ലീഗ്‌സ് കപ്പിന്റെ ഗ്രൂപ്പ് കെ-യില്‍ രണ്ടാം സ്ഥാനക്കാരായാണ് ഡാല്ലസ് റൗണ്ട് ഓഫ് സിക്‌സറ്റീന്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.

 

Content Highlight: Dallas FC coach warns Inter Miami before their match