തിരുവനന്തപുരം: പുത്തന്‍ കുരിശ് വടയമ്പാടിയില്‍ ജാതിമതിലുമായി ബന്ധപ്പെട്ട സമരം രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ദളിത് സംഘടനകള്‍. മാര്‍ച്ച് 21ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ദളിത് ഭൂ അവകാശ സമിതിയും വടയമ്പാടി സമരസഹായ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ 54 ഓളം ദളിത് സംഘടനകള്‍ പങ്കെടുക്കും. ചേരമ സാംബവ സര്‍വ്വീസ് സൊസൈറ്റിയും ബി.എസ്.പിയും അടക്കമുള്ള ദളിത് ബഹുജന്‍ സംഘടനകള്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തുണ്ടെന്നും സമര സമിതി അംഗങ്ങള്‍ പറയുന്നു.
ഭജനമഠം ക്ഷേത്രമൈതാനവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് നേടിയ പട്ടയം വ്യാജമാണെന്നും ഇത് റദ്ദ് ചെയ്യണമെന്നതുമാണ് പ്രധാന ആവശ്യം. ഒപ്പം കേരളത്തിലെ സമാന ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളേയും ഒരുമിപ്പിക്കാനാണ് ദളിത് സംഘടനകളുടെ ഉദ്ദേശ്യം.
നേരത്തേ വടയമ്പാടിയിലെ സമരക്കാര്‍ക്കും ദളിത് സ്വാഭിമാന കണ്‍വന്‍ഷനും നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജിഗ്‌നേഷ് മേവാനി രംഗത്തെത്തിയിരുന്നു. വടയമ്പാടിയിലെ സമര പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമം ദളിതരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയം ആണ് വ്യക്തമാക്കുന്നതെന്ന് ജിഗ്‌നേഷ് പറയുകയുണ്ടായി.
സമാധാനപരമായും ജനാധിപത്യപരമായും നടന്ന ആ സമരത്തെ പൊലീസ് നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തിയത് എന്ത് കാരണത്താലാണെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.