ന്യൂദല്‍ഹി: ആഗ്രയില്‍ രണ്ടു അയല്‍വാസികള്‍ ചേര്‍ന്ന് ദളിത് യുവതിയെ തല്ലിക്കൊന്നു. മന്ദേവിയെന്ന 65കാരിയാണ് കൊല്ലപ്പെട്ടത്. ആഗ്രയിലെ ഡൗകി പൊലീസ് സ്റ്റേഷന്‍ മേഖലയിലെ മട്‌നൈ ഗ്രാമത്തിലാണ് സംഭവം.
സ്ത്രീകളുടെ മുടി മുറിയ്ക്കുന്ന പ്രേതമാണ് മന്ദേവിയെന്ന പ്രചരണങ്ങള്‍ നടന്നിരുന്നെന്നും ഇതിനു പിന്നാലെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ അയല്‍ക്കാരെ പൊലീസ് തിരയുകയാണ്.
ബുധനാഴ്ച രാവിലെ മന്ദേവി വീട്ടില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെ വീടിനു തൊട്ടടുത്തുള്ള അയല്‍ക്കാരായ രണ്ടുപേര്‍ അവരെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് മന്ദേവിയുടെ മകന്‍ പറയുന്നത്. പിന്നീട് മന്ദേവിയെ വീടിനടുത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
“മന്ദേവിയുടെ തലയിലും കൈകളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.” ഫത്തേഹാബാദ് സര്‍ക്കിള്‍ ഓഫീസര്‍ തജ്‌വീര്‍ സിങ് പറയുന്നു.
ദല്‍ഹി, ഗുര്‍ഗൗണ്‍ മേഖലകളില്‍ സ്ത്രീകളുടെ മുറിമുറിയ്ക്കുന്ന സംഘമുണ്ടെന്ന പ്രചരണം വ്യാപകമായിരുന്നു. മുറിമുറിയ്ക്കുന്ന സമയത്ത് സ്ത്രീകള്‍ മോഹാലസ്യപ്പെടുകയാണ് ചെയ്യുന്നതെന്നും ഇതിനു പിന്നില്‍ ദുര്‍ഭൂതങ്ങളോട് മന്ത്രിവാദികളോ ആണെന്നുമായിരുന്നു പ്രചരണം. അത്തരത്തില്‍ മുടി മുറിയ്ക്കുന്ന ദുര്‍മന്ത്രവാദിയാണ് മന്ദേവിയെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
എന്നാല്‍ ക്രമസമാധാന നില തകര്‍ന്നു എന്നുവരുത്തി തീര്‍ക്കാന്‍ സാമൂഹിക വിരുദ്ധര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് പൊലീസിന്റെ വിശദീകരണം.