സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ടവര്‍ രാഷ്ട്രീയമായും വേര്‍തിരിക്കപ്പെടണം
Opinion
സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ടവര്‍ രാഷ്ട്രീയമായും വേര്‍തിരിക്കപ്പെടണം
മായ പ്രമോദ്
Wednesday, 30th May 2018, 8:55 pm

ഡോ.ബി. ആര്‍ അംബേദ്ക്കറുടെ ഈ വാചകത്തിന്റ ചരിത്രപ്രസക്തിയിലൂടെ തന്നെ വേണം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അജി.എം.ചാലക്കരിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പ്രസക്തിയിലേക്കും ദളിത് ഐക്യസമിതി കൂട്ടായ്മയിലേക്കും പോകുവാന്‍. അധികാര രാഷ്ട്രീയത്തിലും / വിഭവ പങ്കാളിത്വത്തിലും ചരിത്രപരമായി പുറത്താക്കപ്പെട്ട ജനതയ്ക്ക് അവ ലഭിക്കേണ്ടത് സാമൂഹ്യ നീതിയാണ്.

രോഹിത്ത് വെമുലയുടെ മരണം ഇന്ത്യയുടെ അക്കാദമിക്ക് അറിവുകളുടെ ഈറ്റില്ലമായ യൂണിവേഴ്‌സിറ്റികളില്‍ ഉണ്ടാക്കിയ ആ ഉണര്‍വ് അവിടവും കടന്ന്, ഇന്ത്യയിലെ ഒരോ ഇടത്തിലും ഉണ്ടാക്കിയ ദളിത് ഐക്യത്തിന്റ പ്രതിധ്വനി ഉനയിലും എത്തി. “നിന്റെ പശുവിന്റെ വാല്‍ നീ വെച്ചു കൊള്ളൂ, പകരം ഞങ്ങള്‍ടെ ഭൂമി തിരിച്ചു നല്‍കൂ” എന്ന് പറഞ്ഞ് ലക്ഷം പേര്‍ ഉനയില്‍ നടത്തിയ ദളിത് അസ്മിത് റാലി ഉണ്ടാക്കിയ ഐക്യമായിരുന്നു ജിഗ്‌നേഷ് മേവാനി എന്ന എം.എല്‍.എ. അവിടുന്ന് അത് ഭിം കൊറേഗാവും തുടര്‍ന്ന് ദളിത് അട്രോസിറ്റി നിയമം അട്ടിമറിച്ച സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യയൊന്നാകെ ശക്തമായ ദളിത് ദേശിയ ബന്ദുമായി.

ആ ബന്ദില്‍ സംഘി ഭീകരരാല്‍ രക്തസാക്ഷികളായ 13 ജീവനുകള്‍ തന്ന വേദനയും അതിനെ തുടര്‍ന്ന് കേരളത്തില്‍ നടന്ന ദളിത് ഹര്‍ത്താലും കേരളത്തിലും ഒരു രാഷ്ട്രീയ ഉണര്‍വ് സാധ്യമാക്കിയിട്ടുണ്ട്. ദളിതര്‍ക്കിടയില്‍ അനിവാര്യമായി സംഭവിക്കേണ്ട ഐക്യപ്പെടലിന്റെ തുടക്കമായിരുന്നു ഏപ്രില്‍ 9 ലെ ദളിത് ഹര്‍ത്താല്‍. ഒരു പൊതുസമൂഹം ഒന്നാകെ പിന്‍തിരിഞ്ഞു നിന്ന ആ ഹര്‍ത്താലിന്റ വിജയം ഉറപ്പായും കേരളത്തിലെ ഒരോ ദളിത് ആദിവാസി ബഹുജന്‍ മനുഷ്യര്‍ക്കും അവകാശപ്പെട്ടതായിരുന്നു.

അജി.എം.ചാലക്കരി

ആ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും തുടര്‍ പ്രവര്‍ത്തനം തന്നെയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ദളിത് ബഹുജന്‍ ഐക്യമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ അജി.എം.ചാലക്കരിയും. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ചക്കെടുക്കാത്ത ദളിത് സമൂഹത്തിന്റെ വികസന അജണ്ടകള്‍ ഈ ഉപതെരെഞ്ഞടുപ്പില്‍ തുറന്ന് ചര്‍ച്ച ചെയ്യപ്പെടും.

ഭൂമി പ്രശ്‌നവും അധികാര പങ്കാളിത്തവും എയ്ഡഡ് മേഖലയിലെ സംവരണവും തുടങ്ങി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ തിരിമറികള്‍ വരെ എത്ര നിസ്സാരമായാണ് ഒരു സംസ്ഥാനത്തിന്റ മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. അദ്ദേഹം നടത്തിയ ചില പ്രസ്താവനകള്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ ദളിത് ആദിവാസി ബഹുജന്‍ സമൂഹം തീര്‍ച്ചയായും ചര്‍ച്ച ചെയ്യണ്ടതാണ്.

പ്രസ്താവനകള്‍ ഇതൊക്കെയാണ്; “ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധ്യാപക നിയമങ്ങളില്‍ യാതൊരു വിധ കോഴയും വാങ്ങുന്നില്ലാത്തത് കൊണ്ട് ഭൂരിപക്ഷ സ്ഥാപനങ്ങളായ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഈ സര്‍ക്കര്‍ യാതൊരു കൈകടത്തലും നടത്തില്ല. (അത് ശരിയാണ് കോഴ വാങ്ങുന്നില്ല പക്ഷേ തെരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപികയുടെയോ / അദ്ധ്യാപകന്റയോ സംരക്ഷണത്തിനായി 30 ലക്ഷം തൊട്ട് വാങ്ങി വെക്കുന്നതേയുള്ളു. അത് കോഴയല്ലതാനും.)

 

മുന്നാക്ക സംവരണത്തിന് ഭരണഘടനാ ഭേദഗതിക്കായി ഇടതുപക്ഷം മുന്നിട്ടിറങ്ങും. ( തീര്‍ച്ചയായും അതു വേണമല്ലോ;തുല്യമായും നീതി പൂര്‍വ്വമായും വിതരണം ചെയ്യേണ്ട സമ്പത്തും പൊതു മൂലധനങ്ങളിലുമുള്ള ഉടമസ്ഥാവകാശവും, അധികാരവും കേവലം ഒരു വിഭാഗം ഉയര്‍ന്ന ജാതി വ്യവസ്ഥയില്‍ ജീവിക്കുന്നവരുടെ കൈകളിലായിരുന്നു നിലനിന്നിരുന്നത്. ഇത്തരം നീതി നിഷേധത്തിന് ഭാഗമായ അരികുവല്‍കൃത ജീവിതങ്ങളെ ഈ പൊതു മൂലധനത്തിന്റെയും സമ്പത്തിന്റെയും നീതിപൂര്‍വ്വമായ വിതരണത്തിന്റെ ഭാഗമാക്കുക എന്നതാണ് സംവരണം കൊണ്ട് ഉറപ്പു വരുത്തുന്നത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്കു നിഷേധിക്കപ്പെട്ട അധികാര പങ്കാളിത്തത്തിലേക്കെത്താനുള്ള ഒരു ഭരണഘടനാ സംവിധാനം മാത്രമാണ് സംവരണം.)

ദേവസ്വം ബോര്‍ഡിന്റെ നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുന്നു. അത് നിലവിലുള്ള സംവരണത്തേക്കാള്‍ കൂടുതല്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും കൊടുക്കാന്‍ തീരുമാനിക്കുന്നതിനൊപ്പം തന്നെ മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം.

സംവരണം എന്ന വ്യവസ്ഥ രൂപം കൊള്ളുന്നത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനാണ്. ഒരു സ്റ്റേറ്റിലെ ഏതെങ്കിലും ഒരു ജനവിഭാഗം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നു എന്ന് ബോധ്യപ്പെട്ടാല്‍, അതായത് സാമൂഹ്യ ബഹിഷ്‌കരണമുണ്ടായെന്ന് ബോധ്യപ്പെട്ടാല്‍; അവര്‍ക്ക് പ്രത്യേക ക്വോട്ട നിശ്ചയിക്കുവാന്‍ സ്റ്റേറ്റിന് അവകാശമുണ്ട് എന്ന് ഭരണഘടന പറയുന്നുണ്ട്.

 

രണ്ടാമത്തെ കാര്യം ഒരു ജനവിഭാഗത്തെ സംവരണത്തിന്റ പട്ടികയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ സര്‍ക്കാര്‍ മേഖലകളില്‍, അതായത് ഏത് മേഖലയാണോ അതില്‍ മതിയായ പ്രതിനിധ്യം ഇല്ലായെന്ന കാര്യം മെറ്റീരിയലി ഉറപ്പു വരുത്തിയത് (un represented or under represented), ആ വിഭാഗങ്ങള്‍ക്ക് മാത്രമേ സംവരണ ആനുകുല്യം കൊടുക്കാന്‍ പാടുള്ളു.

ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെച്ചിട്ടുള്ള ഈ രണ്ട് വ്യവസ്ഥകളുടെയും പരസ്യമായ ലംഘനമാണ് യാഥാര്‍ത്ഥത്തില്‍ മുന്നാക്കകാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് സംവരണം കൊടുക്കാമെന്ന പുതിയ വ്യവസ്ഥ.

കേരളത്തിലെ തന്നെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള നാല് കോളജുകളിലായി 186 ഓളം അദ്ധ്യാപകരാണുള്ളത്, അതിനകത്തെ 79 ശതമാനത്തോളം അദ്ധ്യാപകര്‍ നായര്‍/ ബ്രാഹ്മണരാണ്. ഇവിടെ ദളിത് / ആദിവാസി പ്രാതിനിധ്യം എന്നത് 2010 വരെ പൂജ്യം മാത്രമാണെന്നും ശ്രദ്ധിക്കണം.

യാഥാര്‍ത്ഥത്തില്‍ മുന്നാക്കക്കാരിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്ന് പറയുമ്പോള്‍ തന്നെ, ഈ കണക്കുകള്‍ പറയുന്നത് അവര്‍ അധികമായുള്ള റെപ്രസന്റഡ് ആണന്നാണ്. അങ്ങിനെ അമിത പ്രാധിനിത്യമുള്ള ഒരു വിഭാഗത്തിന് സംവരണം പ്രഖ്യാപിക്കുന്നത് ഭരണഘടന ലംഘനമാണന്നതാണ് പ്രധാന കാര്യം.

 

ഇനി അതേ മേഖലയിലെ ശാന്തിപ്പണി അടക്കമുള്ള അമ്പലങ്ങളിലെ ജോലികളുടെ നിലവിലെ അവസ്ഥ പരിശോധിച്ചാലും ഇതേ ജാതികളുടെ കൃത്യമായ ഭൂരിപക്ഷം കാണാന്‍ സാധിക്കും. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കു സംവരണത്തോത് കൂട്ടിക്കൊടുത്തിട്ടുണ്ടന്നും ,അതു കൊണ്ട് അവരുടെ സംവരണ തോത് നഷ്ടപ്പെടില്ലായെന്നും ഗവണ്‍മെന്റ്‌റ പറയുമ്പോള്‍ ചോദിക്കാനുള്ള കാര്യം, എവിടെയാണ് ഈ മേഖലയില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരുടെ മതിയായ പ്രാതിനിധ്യം ഉള്ളത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം എന്നാണ്.

ഈ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ മുന്നോട്ട് കൊണ്ടുവരാന്‍ സംവരണമല്ല പ്രഖ്യാപിക്കേണ്ടത്. കാരണം സംവരണം ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ല, മറിച്ച് ജനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്ന ഭരണഘടന വ്യവസ്ഥയാണ്. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സാമൂഹ്യപരമായ ഇല്ലായ്മ എന്നത് സാമ്പത്തികമാണ്. അവര്‍ സാമൂഹ്യ സംസ്‌കാരിക, സിംബോളിക് മൂലധനങ്ങളാല്‍ സ്വന്തം ജാതിയിലെ സാമ്പത്തികമുള്ള ഒരു നമ്പൂതിരിയേപ്പോലെ പരിഗണന ഒരു ദരിദ്ര നമ്പൂതിരിക്കും ലഭിക്കുന്നുണ്ട്. അയാള്‍ക്ക് ഇല്ലാത്തത് സാമ്പത്തികം മാത്രമാണ്. അതിന് വേണ്ടത് ഗവണ്‍മെന്റിന്റെ മറ്റേതൊരു പദ്ധതികള്‍ പോലെയും, ഒരു പദ്ധതി ആവിഷ്‌കരിച്ച് അവരെ സഹായിക്കുക എന്നതാണ്. അല്ലാതെ അവര്‍ക്ക് സംവരണം കൊടുക്കുകയല്ല ചെയ്യേണ്ടത്.

സംവരണത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വശങ്ങളെ കുറിച്ച് ഡോ. ബി.ആര്‍ അംബേദ്ക്കര്‍ പറയുന്നത് “സംവരണമെന്നത് ഒരു ആനുകൂല്യമല്ല, മറിച്ച് അതൊരു ദേശീയ കടം വീട്ടലാണ്” എന്നാണ്. സംവരണം ലക്ഷ്യം വെക്കുന്നത് തുല്യമായ സാമൂഹിക നീതിയെയാണ്. അത് മെറിറ്റിനെ ഇല്ലായ്മ ചെയ്യുന്നില്ല, മറിച്ച് മെറിറ്റെന്നത് വെറും സാമൂഹ്യ നിര്‍മിതി മാത്രമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

 

ഇന്നും മര്‍ദ്ദിത ജാതി വിഭാഗമായ ദളിത് /ആദിവാസി ബഹുജന്‍സ് സാമൂഹികമായനുഭവിക്കുന്ന വിവേചനങ്ങളെയും അസമത്വങ്ങളെയുമാണ് സംവരണത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. അവിടെയാണ് ദളിത് ഐക്യ കൂട്ടായ്മയുടെയും അവര്‍ ഉയര്‍ത്തുന്ന അംബേദ്ക്കറൈറ്റ് രാഷ്ട്രീയത്തിന്റെയും പ്രസക്തി.

കേരളം രൂപം കൊണ്ട് ആറര പതിറ്റാണ്ടിന് ശേഷവും ,വിദ്യാസമ്പന്നരെന്ന് ഊറ്റം കൊള്ളുന്ന കേരളീയ പൊതു സമൂഹത്തിന്റെയും, അധികാര രാഷ്ട്രീയ മുന്നണികളുടെയും വിചാരധാരകള്‍ കേരളത്തിലെ ദളിത്-ആദിവാസികള്‍ക്കും മറ്റ് പിന്നാക്കക്കാര്‍ക്കും, ഐക്യകേരള നിര്‍മ്മിതിക്കുശേഷം എന്തൊക്കെയോ സ്വാതന്ത്ര്യം നേടിത്തന്നു എന്നുള്ളതാണ്. നാഴികക്ക് നാല്‍പ്പത് വട്ടം ചര്‍ച്ചക്കെടുക്കുന്ന കേരള മോഡല്‍ വികസനവും ഭൂപരിഷ്‌കരണ നിയമവും ഇവിടുത്തെ ദളിതരെയും /ആദിവാസികളേയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും മൂന്നര നാല് സെന്റിലുള്ള ജാതി കോളനികള്‍ക്കുള്ളിലും (Ghetto) പുറമ്പോക്കുകളിലും തളച്ചിടുകയാണ് ചെയ്തത്.

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രിയ പാര്‍ട്ടികളായ കോണ്‍ഗ്രസ്സും, സി.പിഐ.എമ്മും ബി.ജെ.പിയും അറിയണ്ടത് കേരളത്തിലെ ഗവണ്‍മെന്റ് കണക്കു പ്രകാരം 26198 ( അല്ലാതെ ഏകദേശം അന്‍പതിനായിരത്തോളം ) ദളിത് കോളനികള്‍,8200 ഓളം ആദിവാസി കോളനികള്‍, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍, തേയില തോട്ടങ്ങളിലെ അടിമ ലയങ്ങളിലടക്കം ജനിച്ചു ജീവിച്ചു മരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളെ കുറിച്ച് തന്നെയാണ്.

 

ഭൂമിയൊരു സാമൂഹ്യ-സാമ്പത്തിക മൂലധനമായി പ്രവര്‍ത്തിക്കുന്ന ഈ കാലത്ത് ആ ഭൂമി തന്നെ ജാതി ,സാമൂഹിക മൂലധനമായി ഈ വിഭാഗങ്ങളില്‍ മാത്രമായി നിലനില്‍ക്കുന്നു. മൂലധനത്തില്‍ ദളിത് /ആദിവാസി സമൂഹത്തെ പുറത്താക്കന്‍ നടത്തുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളുടെ അവസാന പടിയായാണ് വികസനമെന്ന പേരില്‍ നടക്കുന്ന പൊറാട്ടു നാടകങ്ങള്‍ ദേശീയപാത വികസനത്തിന്റെ രൂപത്തില്‍, റോഡ്, തോട്, കുഴി വികസനത്തിന്റെ രൂപത്തില്‍, ഇടത്/വലത് ഭേദമന്യേ ഇറങ്ങുന്നത്. എന്നാല്‍ ആ വികസനത്തിന്റെ യഥാര്‍ത്ഥ ഇരകള്‍ മണ്ണിലെ തദ്ദേശിയ വാസികളായ ദളിത് /ആദിവാസി ജനങ്ങളാണ്. അവിടെ നമ്മള്‍ നമ്മുടെ വികസനത്തിന്റെ മൂന്നര സെന്റ് ഭൂമിയില്‍ നിന്ന് ജനിച്ച മണ്ണേ ഇല്ലാതാവുന്ന ഫ്‌ളാറ്റ് വികസനത്തിലേക്ക് അരക്ഷിതരായി പറിച്ചുനടപ്പെടുന്നു. ഈ വികസനം ആര്‍ക്കുവേണ്ടിയാണ്?

ദളിതനും ആദിവാസിയും എന്റെ പാര്‍ട്ടിയുടെ സ്വന്തമാണന്നു പറഞ്ഞു കൊണ്ട്, നവ ഹൈന്ദവ ഫാസിസ്റ്റുകള്‍ പൂമുഖത്തു വന്നേ എന്ന് നിലവിളിക്കുന്ന ഇടതുപക്ഷത്തിനും/വലതുപക്ഷത്തിനും ഇനിയും അറിയാത്ത കാര്യമല്ല വ്യതസ്തകളുടെ സഹവര്‍ത്തിത്വത്തെ ഉള്‍കൊള്ളുക എന്നത്. എന്തായാലും നവ ഹൈന്ദവ ഫാസിസ്റ്റുകള്‍ പൂമുഖവും കടന്ന് അടുക്കളയില്‍ കയറി, തൊട്ടയല്‍പ്പക്കത്ത് ഇരുപ്പുറപ്പിച്ച കാര്യം ഒരു 60 കൊല്ലം കഴിഞ്ഞാലും ഇവര്‍ അറിയില്ല. കാരണം അവര്‍ക്ക് ദളിത്/ആദിവാസി എന്നാല്‍ പോസ്റ്ററുകള്‍ ഒട്ടിക്കാനും, തല്ലാനും, കൊല്ലാനും വേണ്ടി കാലാകാലങ്ങളായി നില നില്‍ക്കുന്ന വോട്ട് ബാങ്കുകള്‍ മാത്രമാണ്.

സ്വതന്ത്ര കേരളത്തില്‍ 1957 മുതല്‍ ഉണ്ടായ എത്ര തെരഞ്ഞെടുപ്പുകളില്‍ സംവരണ സീറ്റുകളിലല്ലാതെ ജനറല്‍ സീറ്റുകളില്‍ ദളിതര്‍ മത്സരിച്ചിട്ടുണ്ട്? ദളിതര്‍ക്കും/ആദിവാസികള്‍ക്കും ഡോ.അംബേദ്ക്കര്‍ നല്‍കിയ സംവരണ സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. അത് ലഭിച്ചിട്ടും ദളിതരുടെ ഭരണപങ്കാളിത്തത്തിന്റെ ഗുണഫലങ്ങള്‍ ഒരിക്കലും ദളിത് ആദിവാസി സമൂഹങ്ങളില്‍ എത്തിയിരുന്നില്ല. സവര്‍ണ പാര്‍ട്ടികള്‍ ഇറക്കുന്ന വിവിധ സ്ഥാനാര്‍ത്ഥികളെ ദളിതര്‍ അറിഞ്ഞും അറിയാതെയും ആ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയായിരുന്നു ഇത്രയും കാലം. സ്വന്തം വോട്ടിന്റെ മൂല്യമറിഞ്ഞു കൊണ്ട് തന്നെയാണ് ഇവിടെ ഒരു ദളിത് രാഷ്ട്രീയം ശക്തമായി ഇറങ്ങുന്നത്.

 

ഗോവിന്ദാപുരവും പേരാമ്പ്രയും വിനായകനും ജിഷയും അശാന്തന്‍ മാഷും മധുവുമൊക്കെ ആവര്‍ത്തിക്കപ്പെടുന്നത് ദളിത് രാഷ്ട്രീയത്തിന്റെ ഐക്യമില്ലായ്മയിലൂടെ തന്നെയായിരുന്നു. എന്നാല്‍ ഏപ്രില്‍ 9 ലെ ഹര്‍ത്താലില്‍ ഉണ്ടായ ആ ദളിത് ഐക്യത്തിന്റ തുടര്‍ച്ചയില്‍ നിന്നാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക്, ദളിത്ബഹുജന്‍ (പട്ടികജാതിപട്ടികവര്‍ഗ്ഗ, ദലിത്ക്രൈസ്തവ ബഹുജന്‍) ഐക്യത്തോടെ ഒരു ദലിത് സ്ഥാനാര്‍ത്ഥി തന്നെ കടന്നു വരുന്നത്.

വ്യത്യസ്തതകളുടെ സഹവര്‍ത്തിത്തമായ ദളിത് ബഹുജന്‍ മൈനോറിറ്റിയെ ഉള്‍ക്കൊള്ളാനോ, അത്തരത്തിലൊരു നവ ജനാധിപത്യ മുന്നേറ്റ പ്രക്രിയ നടപ്പില്‍ വരുത്തുവാനോ ഈ രണ്ട് മുന്നണികള്‍ക്കും ഇനിയും ആലോചിക്കേണ്ടി വരുന്നു. ചെങ്ങന്നൂരിലെ ദളിത് സ്ഥാനാര്‍ത്ഥിയായ അജി.എം ചാലക്കരിയുടെ ഇലക്ഷന്‍ പ്രചരണങ്ങള്‍ മിക്കവാറും കോളനികളെ കേന്ദ്രീകരിച്ചു തന്നെയാണ്.

സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ദളിതരെ കണ്ടെത്താന്‍ മുഖ്യധാര സമൂഹം എത്തേണ്ടത് കോളനികളില്‍ തന്നെയാണ്. കടബാധ്യതകള്‍ക്ക് നടുവില്‍ ജനിച്ചും ജീവിച്ചു മരിച്ചു തിരസ്‌കൃതനായി മണ്ണടിയുന്ന ദളിത് ജീവിതങ്ങള്‍. കൃഷിഭൂമിയില്ല, ബിസിനസുകളില്ല, സ്ഥാപനങ്ങളുമില്ല. എന്തിനേറേ മതമേലധ്യക്ഷന്‍മാരെ വിലയ്ക്കു വാങ്ങാന്‍ തയ്യാറായി നടക്കുന്ന ഇടതു വലതുപക്ഷങ്ങള്‍ക്ക് ,അങ്ങിനെ പറയാന്‍ ഒന്നുമില്ലാത്ത കോളനികളില്‍ കയറി, ഇ.എം.എസിനെയും എ.കെ.ജിയേയും ഗാന്ധിയേയും കുറിച്ച് പറഞ്ഞ് നിങ്ങളുടെ ചരിത്രത്തെ മാറ്റിയവരാണ് ഇവര്‍ എന്ന് വിശദീകരിക്കുമ്പോള്‍ മറുപടികള്‍ ഉണ്ട്.

ദളിത് രാഷ്ട്രീയത്തിന് തീര്‍ച്ചയായും തിരികെ വിളിക്കാന്‍, ഒരു പക്ഷേ അതിശക്തമായി നവ ജനാധിപത്യ പ്രക്രിയയേക്കുറിച്ച് സംസാരിക്കാന്‍ വില്ലുവണ്ടി നയിച്ചുകൊണ്ട് ചരിത്രം തിരുത്തിയെഴുതിയ മഹാത്മ അയ്യന്‍കാളിയും, “കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെ പറ്റി കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രം” എന്നു പറഞ്ഞു കൊണ്ട് അടിമജനതയ്ക്ക് പുതുയുഗം നല്‍കിയ പൊയ്കയില്‍ അപ്പച്ചനും, കണ്ടന്‍കുളത്തില്‍ കുമാരനും, പാമ്പാടി ജോണ്‍ ജോസഫും ഒടുവില്‍ ഏത് ആശയത്തിന്‍ കീഴില്‍ ദലിത് ഐക്യം വളര്‍ന്ന് പന്തലിക്കുന്നോ ആ ധാരയുടെ, ആധുനിക ഇന്ത്യയുടെ പിതാവായ ഡോ.ബി ആര്‍ അംബേദ്ക്കറും ഉറപ്പായും വ്യവസ്ഥാപിത രാഷ്ട്രീയം ഉയര്‍ത്തുന്ന ബിംബങ്ങളെ ചോദ്യം ചെയ്തു കൊണ്ട് ഒരു ബദല്‍ രാഷ്ട്രീയത്തിന് ഇടമുണ്ടാക്കിയിരിക്കും.

 

ആ ബദല്‍ രാഷ്ട്രീയത്തിലാണ് ദളിത് രാഷ്ട്രീയത്തിന്റെ പ്രസക്തിയും. ചെങ്ങന്നൂരിലെ ആകെ വോട്ട് 199340 ദളിത് വോട്ട് 33% അതായത് 65782. ചെങ്ങന്നൂരില്‍ ഏതാണ്ട് എണ്‍പത് ശതമാനത്തോളം പോളിങ് നടന്നു. വോട്ട് ചെയ്യാതിരുന്നവരില്‍ ദളിതുകളുണ്ടാകില്ല. ദളിത് വോട്ടുകളില്‍ 98% വും പോള്‍ ചെയ്യപ്പെട്ടു. .അതായത് 64460 വോട്ടുകള്‍. ഒരു ചതുഷ് കോണ മത്സരത്തില്‍ 40,000വോട്ടു നേടുന്ന സ്ഥാനാര്‍ത്ഥി വിജയിച്ചിരിക്കും. ആകെ പോള്‍ ചെയ്യുന്ന ദളിത് വോട്ടുകളില്‍ 62% പേര്‍ ദലിത് ഐക്യസ്ഥാനാര്‍ത്ഥി അജി എം. ചാലക്കേരിക്ക് വോട്ടു ചെയ്താല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ചരിത്രമാകും. ഒപ്പം കേരള രാഷ്ട്രീയത്തിന്റെ ചരിത്രവും. ചരിത്രം സൃഷ്ടിക്കാന്‍ ചെങ്ങന്നൂരിലെ ദളിതര്‍ തയ്യാറാവുക എന്നതാണ് വളരെ പ്രധാനം. വളരെ നിര്‍ണായകമായ വോട്ടില്‍ നില്‍ക്കുന്ന ദളിത് സ്ഥാനര്‍ത്തി ജയിക്കുക എന്നുള്ളത് നാളത്തെ ദളിത് രാഷ്ട്രീയത്തിന് വളരെ പ്രസക്തമാണ്

ആ നാട്ടിലെ ചേരികളിലും കോളനികളിലും ഒരു വ്യക്തി മരിച്ചാല്‍ കോളനികളിലെ രണ്ട് വീടുകള്‍ക്കിടയില്‍ അടക്കം ചെയ്യുന്ന ആ ആറടിമണ്ണ് ആണ് ആ ശരീരങ്ങള്‍ടെ അവസാന വിശ്രമസ്ഥലങ്ങള്‍.

ഇതു ഒരു ചെങ്ങന്നൂരിന്റെ മാത്രം കാര്യമല്ല. കേരളത്തിലെ അര ലക്ഷത്തോളം വരുന്ന ഒരോ കോളനികളും ഇതു തന്നെയാണ്. അതു കൊണ്ട് തന്നെയാണ് കോളനികള്‍ ഇല്ലാതാക്കാന്‍, ദളിതര്‍ക്ക് ആടു കോഴി വികസനമല്ലാതെ, സാമൂഹികവും സാമ്പത്തികവും സാംസ്‌ക്കാരികവുമായ സുസ്ഥിര വികസനത്തിനായി ദളിത് വോട്ടുപയോഗിച്ചു കൊണ്ട് ദളിത് ചരിത്രത്തെ മാറ്റിയെഴുതാം. കേരള സമൂഹത്തില്‍ പൊതു ചര്‍ച്ചയുടെ ഭാഗമാകതിരുന്ന ദളിത് വികസനം ചര്‍ച്ചക്കെടൂക്കുവാന്‍ കേരളത്തിന്റെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധിതരാക്കുവാന്‍ ഒരു പക്ഷേ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടെ കഴിയുന്നു എന്നത് ആണ് ദളിത് ബഹുജന്‍ രാഷ്ട്രീയ കൂട്ടായ്മയുടെ വിജയവും.