സ്വന്തം ഭൂമി, എന്നാല്‍ വീട് വെക്കാന്‍ അവകാശമില്ല
റെന്‍സ ഇഖ്ബാല്‍

കോഴിക്കോട് ജില്ലയില്‍ മുക്കത്ത് നാഗേരി കുന്നത്താണ് പ്രമോദ് താമസിക്കുന്നത്. സ്ഥലത്തിന്റെ രേഖകളുടെ അഭാവം കാരണം വൈദ്യുതിയോ റേഷന്‍ കാര്‍ഡോ കക്കൂസ് നിര്‍മ്മിക്കാന്‍ പോലുമോ അപേക്ഷിക്കാന്‍ ഇവര്‍ക്ക് വകുപ്പില്ല.

കുടുംബത്തില്‍ തലമുറകളായി കൈമാറിക്കിട്ടിയ ഭൂമിയാണിത്. പ്രമോദിന്റെ മുത്തച്ഛന്‍ ചേന്നന്‍ വിലകൊടുത്ത് വാങ്ങിയതാണ് നിലവില്‍ ഇവര്‍ താമസിക്കുന്ന സ്ഥലം. എന്നാല്‍ അറിവില്ലായ്മ കൊണ്ട് അന്ന് സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ നടത്തിയിരുന്നില്ല. കുടുംബത്തിലെ മൂന്നാം തലമുറയില്‍ പെട്ടയാളാണ് പ്രമോദ്.

നാട്ടുകാരും ജനപ്രതിനിധികളും പ്രമോദും കഴിഞ്ഞ 15 വര്‍ഷത്തോളമായി ഈ രേഖകള്‍ ശരിയാക്കാനായി പരിശ്രമിക്കുന്നു. എന്നാല്‍ പട്ടികജാതിയില്‍ പെടുന്ന ഇവരുടെ പ്രശ്‌നത്തില്‍ കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പോലും ഇതുവരെ ഇടപെട്ടിട്ടില്ല. സര്‍ക്കാരിന്റെ അവഗണയും ദുരിതവും ഇവരുടെ ജീവിതത്തില്‍ തുടരുകയാണ്.